തോപ്പുംപടി: കേന്ദ്ര മത്സ്യബന്ധന നയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അവ്യക്തത. ഇന്ത്യന്‍ അതിര്‍ത്തി കടലില്‍ മീന്‍ പിടിക്കാന്‍ വിദേശക്കപ്പലുകളെ അനുവദിക്കില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ 200 നോട്ടിക്കല്‍ മൈല്‍ വിസ്തൃതിയുള്ള രാജ്യത്തിന്റെ അതിര്‍ത്തിക്കടലില്‍ പ്രവര്‍ത്തിക്കുന്ന യാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിജ്ഞാപനത്തില്‍ ഒന്നും പറയുന്നില്ല. നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കിക്കഴിഞ്ഞു. ഇതിനായി ഒരു ബദല്‍ നടപടിയുണ്ടാകുമെന്ന് പുതിയ നയം പറയുന്നു.

അതായത് ഇന്ത്യയുടെ അതിര്‍ത്തിക്കടലില്‍ മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഒരു നിയമം ഇപ്പോള്‍ നിലവിലില്ല. അതുകൊണ്ട് അന്താരാഷ്ട്ര നിയമമനുസരിച്ച് ഇപ്പോള്‍ ഇന്ത്യയുടെ അതിര്‍ത്തിക്കടല്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടും. ഇങ്ങനെ നിരോധിത മേഖലയില്‍ പെടുന്ന കടലില്‍ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യത്തിന് അന്താരാഷ്ട്ര വിപണിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാരണങ്ങള്‍ പറഞ്ഞ് സമീപകാലത്ത് ശ്രീലങ്കയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

ഇന്ത്യയുടെ അതിര്‍ത്തിക്കടലില്‍ നിയമപരമായ ഒരു ശൂന്യത നിലനില്‍ക്കുകയാണ്. അതുകൊണ്ട് നിയമപരമായ അധികാരത്തോടെ ഈ മേഖലയില്‍ നിന്ന് മീന്‍ പിടിക്കാനാവില്ല. ആഴക്കടല്‍ മീന്‍ പിടിത്തവുമായി ബന്ധപ്പെട്ട് പുതിയൊരു വെസ്സല്‍ ആക്ട് ഉണ്ടായില്ലെങ്കില്‍, ഈ മേഖലയില്‍ നിന്നുള്ള മത്സ്യബന്ധനത്തിന് നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന് മത്സ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ആഴക്കടല്‍ മീന്‍ പിടിത്തത്തിന് വിദേശ സാങ്കേതിക വിദ്യ സ്വീകരിക്കാമെന്ന് പുതിയ നയത്തില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. വിദേശ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താമെന്ന വ്യവസ്ഥയുള്ളതിനാല്‍ ഭാവിയില്‍ വിദേശ കപ്പലുകള്‍ക്ക് അനുമതി നല്‍കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം വ്യവസ്ഥയുടെ മറ പിടിച്ചാണ് എണ്‍പതുകളില്‍ വിദേശക്കപ്പലുകള്‍ക്ക് അനുമതി നല്‍കിയതത്രെ.

ഇപ്പോള്‍ തന്നെ 15-ഓളം വിദേശക്കപ്പലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കടലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ഏഴ് കമ്പനികളാണ് വിദേശക്കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. പുതിയ നിയമം നിലവില്‍ വന്നതോടെ ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന് വ്യക്തമല്ല. വിദേശക്കപ്പലുകളുടെ വരവ് ഒഴിവാക്കുമെന്ന് നയത്തില്‍ വ്യക്തമാണെങ്കിലും, വിജ്ഞാപനത്തിലെ അവ്യക്തത മത്സ്യമേഖലയില്‍ ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ അതിര്‍ത്തിക്കടലിലെ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് ആക്ട് തന്നെ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷി സഹ മന്ത്രി സുദര്‍ശന്‍ ഭഗവതിന് ചാള്‍സ് ജോര്‍ജ് നിവേദനം നല്‍കിയിട്ടുണ്ട്.