തോപ്പുംപടി: ഒടുവില്‍ മുണ്ടംവേലി കുട് കൃഷിഫാമില്‍ നിന്ന് വളര്‍ച്ചയെത്തിയ മീനുകളെ പിടിച്ചു. ജി.സി.ഡി.എ.യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ വളര്‍ത്തിയിരുന്ന മീനുകളെ കാലാവധി കഴിഞ്ഞിട്ടും പിടിക്കാതിരുന്നത് പരാതിക്കിടയാക്കിയിരുന്നു.

കൃഷി നടത്തിവന്ന കരാറുകാരന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും മീന്‍ പിടിക്കുന്നതിന് അനുവാദം ലഭിച്ചിരുന്നില്ല. ഒടുവില്‍ ജി.സി.ഡി.എ.യുടെ പുതിയ ഭരണസമിതി ഇടപെട്ട് വെള്ളിയാഴ്ച മീന്‍ കൃഷി വിളവെടുക്കുന്നതിന് നടപടിയെടുക്കുകയായിരുന്നു.

കെ.ജെ.മാക്‌സി എം.എല്‍.എ. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മുണ്ടംവേലിയില്‍ ജലാശയത്തില്‍ 15 കൂടുകളിലാണ് മീന്‍ വളര്‍ത്തിയിരുന്നത്. കരിമീന്‍, കാളാഞ്ചി, പൂമീന്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്. കൂടുകളില്‍ നിന്ന് മീനുകളെ വലയില്‍ കോരിയെടുക്കുകയായിരുന്നു. 400 കിലോഗ്രാം കരിമീനും, 130 കിലോ കാളാഞ്ചിയുമാണ് ആദ്യ ദിവസം പിടിച്ചത്. ശേഷിക്കുന്ന മീനുകളെ അടുത്ത ദിവസങ്ങളില്‍ പിടിക്കും.

മീന്‍ കച്ചവടത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ നാല്‍പ്പത് ശതമാനം കരാറുകാരനും, 60 ശതമാനം ജി.സി.ഡി.എ.യ്ക്കും ലഭിക്കും. വലിപ്പം കുറഞ്ഞ മീനുകള്‍ സ്ഥലത്ത് തന്നെ വിറ്റഴിച്ചു. അഞ്ച് കോടി രൂപ ചെലവില്‍ ജി.സി.ഡി.എ.നടപ്പാക്കിയ പദ്ധതിയാണിത്. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ജി.സി.ഡി.എ.യുടെ ഭരണസമിതിയിലും മാറ്റമുണ്ടായി. അത് പദ്ധതി പ്രവര്‍ത്തനത്തെയും ബാധിച്ചു. പദ്ധതി തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.