തോപ്പുംപടി: കടല്‍സസ്യങ്ങളില്‍ നിന്ന് ഔഷധങ്ങളും പോഷകപ്രദമായ ഭക്ഷ്യവിഭവങ്ങളും ഉത്പാദിപ്പിക്കുന്നതിനുള്ള കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സിഫ്റ്റ്) പരീക്ഷണങ്ങള്‍ വിജയത്തിലേക്ക്.
കടല്‍ച്ചെടികള്‍ ഉപയോഗിച്ച് ബിസ്‌കറ്റുകളും പലഹാരങ്ങളും ജ്യൂസുകളും ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യയാണ് സിഫ്റ്റിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. കാപ്‌സ്യൂളുകള്‍ നിര്‍മിക്കുന്നതിനുള്ള വിദ്യയും കണ്ടെത്തി. വിഭവങ്ങളൊക്കെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍ പറഞ്ഞു.
ഇന്ത്യയുടെ തെക്കന്‍ മേഖലയിലെ കടലില്‍ വന്‍തോതില്‍ കടല്‍സസ്യങ്ങളുടെ സാന്നിധ്യമുണ്ട്. എന്നാല്‍, ഈ മേഖലയിലെ മത്സ്യത്തൊഴിലാളി സമൂഹം പൊതുവേ കടല്‍ച്ചെടികളെ അവഗണിക്കുകയാണ്. ഇവയുടെ പ്രാധാന്യം അറിയാത്തതിനാലാണിത്. ഇരുനൂറിലേറെ ഇനം കടല്‍ച്ചെടികളുണ്ടെന്നാണ് കണ്ടെത്തല്‍. ഇവയിലേറെയും വിദേശ രാജ്യങ്ങളില്‍ പലയിടത്തും ഔഷധങ്ങളായും ഭക്ഷ്യവിഭവമായും ഉപയോഗിക്കുന്നുണ്ട്്. എന്നാല്‍, ഇന്ത്യയില്‍ പൊതുവേ ഇവ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നീലവിപ്ലവത്തിന്റെ ഭാഗമായാണ് കടല്‍ സമ്പത്തിന്റെ വിനിയോഗം സംബന്ധിച്ച് ഗവേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്. മത്സ്യത്തേക്കാള്‍ മൂല്യമുള്ള നിരവധി വിഭവങ്ങള്‍ കടലിലുണ്ട്. അവയിലൊന്നാണ് കടല്‍ച്ചെടികള്‍. വിദേശ രാജ്യങ്ങളില്‍ ഇതിന്റെ സാധ്യത വലിയ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്്. ഗവേഷണങ്ങളിലൂടെ ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സിഫ്റ്റിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിനും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സുശീല മാത്യു പറഞ്ഞു.
ഔഷധ പ്രാധാന്യമുള്ള സസ്യങ്ങള്‍ കടലില്‍ കൃഷി ചെയ്യുന്നതിനുള്ള പഠനങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്്. സി. എം.എഫ്.ആര്‍.ഐ.യുടെ നേതൃത്വത്തില്‍ ഇതിനുള്ള സാങ്കേതിവിദ്യ വികസിപ്പിച്ചിരുന്നു. തൂത്തുക്കുടിയിലും മറ്റും ഇത്തരം കൃഷി നടന്നുവരികയാണ്.
പല കടല്‍സസ്യങ്ങളിലും വൈറ്റമിനുകളും മറ്റ് പോഷകവസ്തുക്കളും അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വളം, ബയോ ഇന്ധനം എന്നിവ ഉത്പാദിപ്പിക്കാനും കടല്‍ച്ചെടികള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്്. കടല്‍ച്ചെടികള്‍ ഉത്പാദിപ്പിച്ച് നേരിട്ട് വിപണിയിലെത്തിക്കാം. ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം വലിയ ഡിമാന്റുള്ള ചെടികള്‍ വന്‍തോതില്‍ കയറ്റി അയയ്ക്കാം.
കടല്‍ച്ചെടികളുടെ വിപണന സാധ്യതകളും ഔഷധ പ്രാധാന്യവും വിശദീകരിക്കുന്നതിനായി വ്യാഴാഴ്ച സിഫ്റ്റിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ നടത്തിയിരുന്നു.