കോതാട്: അറിവും അന്നവും നിറച്ചൂട്ടിയ കോതാടിന്റെ ടീച്ചറമ്മയ്ക്ക് നാട് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കും. 42 വര്‍ഷം അങ്കണവാടി അദ്ധ്യാപികയായി സേവനം ചെയ്തശേഷം വിരമിക്കുന്ന ഗെട്രൂഡിനാണ് കോതാട് ഗ്രാമം യാത്രയയപ്പ് നല്‍കുന്നത്.
വികസനത്തിന്റെ പാലങ്ങളും പാതകളും പിറവിയെടുക്കും മുമ്പ് പിന്നാക്ക ഗ്രാമമായിരുന്ന കോതാട് ദ്വീപിലെ ആദ്യ അങ്കണവാടിയിലെ ടീച്ചറാണ് ഗെട്രൂഡ്. കണ്ടനാട് ഭാഗത്ത് 1974 ല്‍ മഹിളാസമാജത്തിന് കീഴിലാണ് ബാലവാടി തുടങ്ങിയത്.
പത്തില്‍ തോറ്റ് തയ്യല്‍പഠനത്തിന് പോയിരുന്ന ഗെട്രൂഡിനെ കുട്ടികളെ പഠിപ്പിക്കാനുള്ള ചുമതല ഏല്പിച്ചത് മഹിളാസമാജം പ്രവര്‍ത്തകരാണ്. കൂലിയില്ലാത്ത ജോലിയായിരുന്നെങ്കിലും കുട്ടികളെ പെരുത്തിഷ്ടമായിരുന്ന ഗെട്രൂഡിന് അത് വലിയ സന്തോഷം പകര്‍ന്നു.

താത്കാലിക കെട്ടിടത്തിലായിരുന്ന ബാലവാടിക്ക് ലന്തപ്പറമ്പില്‍ മേരി ആന്റണി സൗജന്യമായി നല്‍കിയ അഞ്ച് സെന്റില്‍ നാട്ടുകാര്‍ അധ്വാനിച്ച് കെട്ടിടം പണിതത് 1976 ലാണ്. പിറ്റേവര്‍ഷം ഗെട്രൂഡ് തളിപ്പറമ്പില്‍ പോയി ബാലവാടി ട്രെയിനിങ്ങ് പാസ്സായി വന്നു. വൈകാതെ ബാലവാടി അങ്കണവാടിയായി. ബ്ലോക്കോഫീസില്‍ നിന്ന് മാസം 25 രൂപ ഓണറേറിയവും കിട്ടിത്തുടങ്ങി. 42 വര്‍ഷം കൊണ്ട് പല തലമുറകള്‍ക്ക് അമ്മയാകാനുള്ള ഭാഗ്യം ടീച്ചറിനുണ്ടായി. 25 രൂപയില്‍ തുടങ്ങിയ ഓണറേറിയം 5000 രൂപയായി. ഇത് പതിനായിരമാക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും ലഭിച്ചിട്ടില്ല.

70 കുട്ടികള്‍ വരെ അങ്കണവാടിയില്‍ തിങ്ങിഞെരുങ്ങിയിരുന്ന കാലമുണ്ട്. കോതാടിന് പുറത്ത് ചേന്നൂരുനിന്നും കാരിക്കാട്ട് തുരുത്തില്‍ നിന്നുമൊക്കെ അമ്മമാര്‍ കുട്ടികളുമായി വന്നു. ഇപ്പോള്‍ എല്ലായിടത്തും അങ്കണവാടികളായി. കോതാട് മാത്രം അഞ്ച് അങ്കണവാടികളുണ്ട്. ഏത് വഴി പോയാലും ടീച്ചറേ എന്ന വിളിയോടെ ശിഷ്യര്‍ അടുത്തുകൂടും. പഠിച്ച് പോയവര്‍ തങ്ങളുടെ മക്കളെ ടീച്ചറിന്റെ സ്‌നേഹത്തണലില്‍ ചേര്‍ക്കാന്‍ ഉത്സാഹിച്ചു.

ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അധ്യാപകരും ബാങ്ക് ഉദ്യോഗസ്ഥരും വൈദികരും കന്യാസ്ത്രീകളുമൊക്കെ ശിഷ്യഗണത്തിലുണ്ട്. പലരും വിവാഹത്തിന് സമ്മാനങ്ങളുമായി വന്ന് ക്ഷണിക്കും. ചിലര്‍ ടീച്ചറമ്മയെ കാണിക്കാന്‍ ജീവിത പങ്കാളിയേയും കൂട്ടി അങ്കണവാടിയില്‍ വരും. നാട്ടിലെ നല്ല മനസ്സുകളുടെ പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്ന് ടീച്ചര്‍ പറയുന്നു. ഭര്‍ത്താവ് മാതിരപ്പള്ളി ക്ലീറ്റസ്സിനൊപ്പമാണ് താമസം. മകള്‍ ഗ്രീറ്റിയെ വിവാഹം ചെയ്തയച്ചു.

ശനിയാഴ്ച കോതാട് പാരിഷ് ഹാളില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.ആന്റണി ഉദ്ഘാടനം ചെയ്യും.അങ്കണവാടിയില്‍ നിന്ന് വാദ്യമേളങ്ങളോടെയാകും ടീച്ചറിനെ വേദിയിലേക്ക് ആനയിക്കുക. ശിഷ്യരുടെ കലാപരിപാടികളും ഉപഹാര സമര്‍പ്പണവും ഉണ്ടാകും.