മട്ടാഞ്ചേരി: ലോക കുരുവി ദിനാചരണത്തിന്റെ ഭാഗമായി കുരുവികള്‍ക്കായി കരുതിവയ്ക്കാന്‍ പനയപ്പിള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് മണ്‍കൂടുകള്‍ വിതരണം ചെയ്തു. ഓരോ വീട്ടിലും കുരുവിക്കായി ഒരു കൂട് എന്ന ലക്ഷ്യത്തോടെ മട്ടാഞ്ചേരി ജൈന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് കുരുവിക്കൂടുകള്‍ നല്‍കിയത്. വംശനാശം നേരിടുന്ന കുരുവികളെ സംരക്ഷിക്കുകയും, കുട്ടികളെ പക്ഷികളുമായി അടുപ്പിക്കുകയുമാണ് ലക്ഷ്യമെന്നും ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുകേഷ് ജെയിന്‍ പറഞ്ഞു.

ചുട്ടുപൊള്ളുന്ന വെയിലില്‍ ദാഹിച്ച് വലയുന്ന പക്ഷികള്‍ക്ക് വെള്ളം കിട്ടുന്ന വിധത്തില്‍ മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ച് വീടുകളുടെ ടെറസില്‍ വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കുട്ടികള്‍ക്ക് മണ്‍പാത്രങ്ങളും വിതരണം ചെയ്തു.