കൊച്ചി: കുടുംബങ്ങളെ താമസിപ്പിക്കാനായി ജില്ലയില്‍ വിവിധ താലൂക്കുകളില്‍ തുറന്നത് 11 ക്യാമ്പുകള്‍. 848 കുടുംബങ്ങളില്‍നിന്നായി 2,153 അന്തേവാസികളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കണയന്നൂര്‍ താലൂക്കിലെ പൂണിത്തുറ വില്ലേജിലെ തമ്മനം ശാന്തിപുരം കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് ഏറ്റവുമധികം ആളുകളുള്ളത്. ഇടപ്പള്ളി നോര്‍ത്ത് വില്ലേജിലെ ജി.എച്ച്.എസ്. ഇടപ്പള്ളി ക്യാമ്പിലാണ് ആളുകളുടെ എണ്ണത്തില്‍ കുറവുള്ളത്. ആകെ 981 സ്ത്രീകളും 851 പുരുഷന്‍മാരും 321 കുട്ടികളുമാണ് ക്യാമ്പില്‍ കഴിയുന്നത്. തമ്മനം ശാന്തിപുരം കമ്യൂണിറ്റി ഹാള്‍ പൂണിത്തുറ, സി.സി.പി.എല്‍.എം. സ്‌കൂള്‍ എറണാകുളം, ഗവ. എച്ച്.എസ്. ഇടപ്പള്ളി, ഗാന്ധി നഗര്‍ ഉദയനഗര്‍ എസ്.ഡി. കോണ്‍വെന്റ് എളംകുളം, വെണ്ണല ജി.എച്ച്.എസ്. ഇടപ്പള്ളി സൗത്ത്, ഗവ. എച്ച്.എസ്.എസ്. പനമ്പിള്ളി നഗര്‍, എളംകുളം, പൊന്നുരുന്നി സെയ്ന്റ് റീത്താസ് എച്ച്.എസ്.എസ്. പൂണിത്തുറ, മേരിമാതാ കോേളജ് ഞാറയ്ക്കല്‍, ദേവിവിലാസം എല്‍.പി. സ്‌കൂള്‍ നായരമ്പലം, ജി.എച്ച്.എസ്. പനയപ്പിള്ളി തോപ്പുംപടി, ജി.യു.പി. സ്‌കൂള്‍ എടവനക്കാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

വെള്ളത്തിലായി കോളനികള്‍

'ഈ കോളനിക്കു വേണ്ടി ഒരു രാഷ്ട്രീയക്കാരും ഒന്നും ചെയ്തിട്ടില്ല. കോളനിയിലേക്ക് ഇറങ്ങിവന്നൊന്ന് നോക്കണം. ഇവിടത്തെ കൗണ്‍സിലര്‍ അല്ലാതെ വേറെയൊരു പാര്‍ട്ടിക്കാരും ഈ കോളനിക്കുള്ളില്‍ ഇറങ്ങിവന്ന് ഇവിടത്തെ കഷ്ടപ്പാട് അറിഞ്ഞിട്ടില്ല. ഒരു മഴ പെയ്താല്‍ ഈ വെള്ളത്തിലാണ് ഞങ്ങളുടെ ജീവിതങ്ങള്‍. തിരഞ്ഞെടുപ്പിന് ഷോ കാണിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ വരുന്നതല്ലാതെ പിന്നെ ആരെയും ഇങ്ങോട്ട് കാണാറില്ല' - പതിവുപോലെ വീടുകളില്‍ വെള്ളം കയറിയതോടെ സ്ഥാനാര്‍ത്ഥിക്ക് നേരെ പ്രതിഷേധവുമായി പി ആന്‍ഡ് ടി കോളനി നിവാസികള്‍ രംഗത്തെത്തി. ചെറിയ മഴയ്ക്കു തന്നെ വെള്ളം കയറുന്ന പി ആന്‍ഡ് ടി കോളനി നിവാസികളുടെ അവസ്ഥയ്ക്ക് ഇത്തവണയും മാറ്റമില്ലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ ഉറക്കം നഷ്ടപ്പെടുത്തി ഇവിടെ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. പി ആന്‍ഡ് ടി കോളനിയെ കൂടാതെ കമ്മട്ടിപ്പാടം, ഉദയ കോളനി എന്നിവിടങ്ങളിലും സമാനമാണ് സാഹചര്യങ്ങള്‍. വേലിയേറ്റമുള്ളപ്പോഴൊക്കെ ഇവിടത്തെ വീടുകളില്‍ വെള്ളം കയറും. കക്കൂസ് മാലിന്യമുള്‍പ്പെടെ പേറുന്ന പേരണ്ടൂര്‍ കനാലിലെ വെള്ളമാണത്. ഗവണ്‍മെന്റ് എച്ച്.എസ്.എസ്. പനമ്പിള്ളി നഗര്‍, സെയ്ന്റ് റീത്താസ് എച്ച്.എസ്.എസ്. പൊന്നുരുന്നി എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.

കാറിനു മുന്നിലേക്ക് വീണ് ഇരുചക്ര യാത്രികന്‍

തിങ്കളാഴ്ച രാവിലെ വെള്ളം അരയ്‌ക്കൊപ്പം ഉയര്‍ന്നതോടെ ഇടപ്പള്ളിയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വെള്ളത്തിന്റെ ഒഴുക്കില്‍ നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു ഇവിടെ. വെള്ളത്തിന്റെ ഒഴുക്കില്‍ കാലുതെന്നിയ ഇരുചക്ര യാത്രികന്‍ റോഡിലേക്ക് വീണിരുന്നു. തൊട്ടുപിന്നാലെ വന്ന കാറിന്റെ മുന്നിലേക്കാണ് ഇയാള്‍ വീണത്. കാര്‍ കൃത്യമായി ബ്രേക്കിട്ടതിനാലാണ് വലിയ അപകടം ഒഴിവായത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഇരുചക്ര - കാല്‍നട യാത്ര ബുദ്ധിമുട്ടിലായതിനാല്‍ ആളുകള്‍ റോഡില്‍ കയറുകെട്ടി ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. കെട്ടിടങ്ങളുടെ പാര്‍ക്കിങ്ങില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്കും റോഡിലേക്കും മാറ്റിയിട്ടു. ബാനര്‍ജി റോഡില്‍ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. എം.ജി. റോഡ്, മേനക എന്നിവിടങ്ങളിലെയും സ്ഥിതിയും മാറ്റമില്ലായിരുന്നു. ആസാദ് റോഡ്, അത്തിപ്പറമ്പ് ലെയിന്‍, കാട്ടാക്കര റോഡ് തുടങ്ങി നഗരത്തിലെ ഇടറോഡുകളും പൂര്‍ണമായും വെള്ളത്തിലായിരുന്നു.

സ്റ്റാന്‍ഡില്‍ കയറാതെ ആനവണ്ടി

പൂര്‍ണമായും വെള്ളത്തിനടിയിലായ എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍നിന്ന് രാവിലെ എട്ടോടെ തന്നെ സര്‍വീസ് പൂര്‍ണമായും നിലച്ചു. വാഹനങ്ങള്‍ ഉള്ളില്‍ പ്രവേശിക്കാനോ പുറത്തുകടക്കാനോ ആവാത്ത സ്ഥിതിയിലായിരുന്നു. ഇതേത്തുടര്‍ന്ന് 15-ഓളം ട്രിപ്പുകളാണ് ഡിപ്പോയില്‍ നിന്ന് റദ്ദാക്കിയത്. നേരത്തെ പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ സ്റ്റാന്‍ഡിനു പുറത്ത് അവസാനിക്കുകയും തുടര്‍ യാത്ര ആരംഭിക്കുകയും ചെയ്യുംവിധം പുനഃക്രമീകരിച്ചു. കെ.എസ്.ആര്‍.ടി.സി. സമുച്ചയത്തിനകത്ത് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് ജീവനക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ട്രിപ്പ് മുടങ്ങിയ ഒരു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തിനടുത്ത് കണ്‍ട്രോള്‍ റൂമാക്കി മാറ്റി. സ്റ്റാന്‍ഡിനു മുന്നിലെ റോഡിലും പാലത്തിലും കെ.എസ്.ആര്‍.ടി.സി. ബസുകളുടെ നീണ്ട നിര കാണാമായിരുന്നു.

രക്ഷകരായി അഗ്‌നിരക്ഷാ സേന

വിവിധയിടങ്ങളിലായി വെള്ളക്കെട്ടില്‍ കുടുങ്ങിയ 143 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി അഗ്‌നിരക്ഷാ സേന. തമ്മനം, കമ്മട്ടിപ്പാടം, കടവന്ത്ര, കലൂര്‍ എന്നിവിടങ്ങളിലും വെള്ളക്കെട്ടില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി. തമ്മനം അപ്പോളോ റോഡില്‍ വീട്ടില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ ഗര്‍ഭിണിയെയും ഹൃദയ സംബന്ധമായ അസുഖമുള്ളയാളെയും രക്ഷപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഹോസ്റ്റലില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ 30 പേരെ അഗ്‌നിരക്ഷാ സേന പുറത്തെത്തിച്ചു. പനമ്പിള്ളി നഗറില്‍ മരം മറിഞ്ഞുവീണ് കാര്‍ തകര്‍ന്നു. കലൂര്‍ എന്‍.ഐ.എ. കോടതി, മണപ്പാട്ടി പറമ്പ്, വടുതല എന്നിവിടങ്ങളിലും മരം മറിഞ്ഞുവീണ് ഗതാഗത തടസ്സമുണ്ടായി. മഴയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മൂലം 23 സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായി അഗ്‌നിരക്ഷാ സേന അറിയിച്ചു.