പിറവം: ഡി.വൈ.എഫ്.ഐ. നേതാവിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പിറവത്ത് പരക്കെ അക്രമം. പിറവം പാറേക്കുന്ന് ക്ഷേത്രത്തിന് സമീപം കുഴികണ്ടത്തില്‍ സതീഷിന്റെ വീടാക്രമിച്ചവര്‍ സ്‌ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം പരത്തി. വീടിന്റെ ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പോര്‍ച്ചിലിരുന്ന സ്‌കൂട്ടറും തല്ലിത്തകര്‍ത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സതീഷിനെ തിരക്കിയെത്തിയ പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് അമ്മ ശാന്തയും ഭാര്യ ലേഖയും പറഞ്ഞു. സ്‌ഫോടനവും ചില്ല് അടിച്ചു തകര്‍ക്കുന്ന ശബ്ദവും കേട്ട് പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബം ഭയചകിതരായി. ഭയന്നു വിറച്ച ശാന്തയെ പിറവം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി പിറവം ടൗണിലുടനീളം അക്രമങ്ങള്‍ നടന്നു. ബി.ജെ.പി.യുടെയും ഇതര സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും കൊടിമരങ്ങളും ബോര്‍ഡുകളും തകര്‍ത്തു. പിറവം, കക്കാട്, പാഴൂര്‍, മുളക്കുളം ഭാഗങ്ങളിലും കൊടിമരങ്ങള്‍ തകര്‍ത്തു. ചൊവ്വാഴ്ച സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പിറവത്ത് ഹര്‍ത്താല്‍ നടത്തി. രാവിലെ ടൗണില്‍ പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു. പ്രകടനത്തിന് സി.പി.എം. ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, ലോക്കല്‍ സെക്രട്ടറി കെ.ആര്‍. നാരായണന്‍ നമ്പൂതിരി, കെ.പി. സലിം, സി.കെ. പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രകടനത്തെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നേതാക്കള്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഒരുപറ്റം പ്രവര്‍ത്തകര്‍ ബി.ജെ.പി.യുടെ നിയോജകമണ്ഡലം സമിതി ഓഫീസ് അടിച്ചു തകര്‍ത്തത്. ബസ് സ്റ്റാന്‍ഡിന് മുന്നിലെ മൂന്ന് നില കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ജനാലച്ചില്ലുകള്‍ അടിച്ചു പൊളിക്കുകയായിരുന്നു.

ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം നോക്കി നില്‍ക്കേയായിരുന്നു അക്രമം. വൈകീട്ട് സംഘപരിവാര്‍ സംഘടനകള്‍ പിറത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എം.എസ്. കൃഷ്ണകുമാര്‍, പി.എസ്. അനില്‍കുമാര്‍, ഒ.പി. പ്രകാശ്, എം. ആശിഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുന്നിലും പിന്നിലും വന്‍ പോലീസ് വാഹനങ്ങളോടെയായിരുന്നു പ്രകടനമെങ്കിലും പ്രകടനക്കാര്‍ സി.പി.എമ്മിന്റെ കൊടിമരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും തല്ലിത്തകര്‍ത്തു. പ്രകടനക്കാരെ തടയാന്‍ പോലീസ് ശ്രമിച്ചത് വീണ്ടും നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. പ്രകടനം ബസ് സ്റ്റാന്‍ഡിന് മുന്നില്‍ സമാപിച്ചു.
 
ഹര്‍ത്താലിനെ തുടര്‍ന്ന് ടൗണില്‍ പോലീസിനെ വിന്യസിച്ചിരുന്നെങ്കിലും കടകളൊന്നും തുറന്നില്ല. എന്നാല്‍ ഇരുചക്ര വാഹനങ്ങളടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടായിരുന്നു.
ബസ്സില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളോ വിദ്യാലയങ്ങളോ പ്രവര്‍ത്തിച്ചില്ല.
 
സമാധാനാന്തരീക്ഷം നിലനിന്നിരുന്ന പിറവത്ത് തുടരെ തുടരെ ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുന്നതില്‍ ജനങ്ങള്‍ ഉത്കണ്ഠാകുലരാണ്. ഒന്നര മാസത്തോളം മുമ്പ് പിറവത്ത് ആര്‍.എസ്.എസ്. മുന്‍ താലൂക്ക് കാര്യവാഹ് എം.എന്‍. വിനോദിനു നേരെയുണ്ടായ ആക്രമണമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.ഡിസംബര്‍ എട്ടിന് നടന്ന സംഭവത്തില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിനായില്ല.