പിറവം: ടോറസ്-ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ സഹിച്ച് മടുത്ത ജനം, ഒടുവില്‍ അതിനു പരിഹാരം തേടി സമരരംഗത്തിറങ്ങി. അമിത ലോഡുമായി അസമയത്തും മരണപ്പാച്ചില്‍ നടത്തുന്നതിനെതിരേ രംഗത്തിറങ്ങിയ നാട്ടുകാര്‍, ബി.ജെ.പി.യുടെ നേതൃത്വത്തില്‍ ഊരമനയില്‍ അവ തടയുകയായിരുന്നു. രാവിലെയെന്നോ വൈകീട്ടെന്നോ രാത്രിേെയന്നാ വ്യത്യാസമില്ലാതെ അമിത ലോഡുമായി നടത്തുന്ന മരണപ്പാച്ചില്‍ കണ്ട് വലഞ്ഞാണ് ജനം സമരവുമായിറങ്ങിയത്.

ടോറസിലും ടിപ്പറിലും കയറ്റാവുന്നതിലും ഏറെ കൂടുതല്‍ ലോഡുമായാണ്, യാതൊരു നിയന്ത്രണവുമില്ലാതെ ഇവയുടെ പാച്ചിലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. അപകടങ്ങള്‍ക്കും റോഡുകളുടെ തകര്‍ച്ചയ്ക്കും വഴിവയ്ക്കുന്ന ടോറസ്-ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മാറാടി, കായനാട്, മണ്ണത്തൂര്‍ പ്രദേശങ്ങളിലെ ക്വാറികളില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലകളിലേക്ക് കരിങ്കല്ലും മണ്ണും മറ്റും കൊണ്ടുപോകുന്നത് ഊരമന -പെരുവംമൂഴി പാലം വഴിയണ്. അമിത ലോഡുമായുള്ള പാച്ചിലില്‍ റോഡുകള്‍ തകരുകയാണ്. അടുത്തയിടെ ടാര്‍ചെയ്ത റോഡുകളിലൂടെ ഭാരവണ്ടികള്‍ ഓടിക്കുന്നത് ചില സ്ഥലങ്ങളില്‍ നാട്ടുകാര്‍തന്നെ തടഞ്ഞിട്ടുണ്ട്.

ഊരമനയിലും സ്ഥിതി വ്യത്യസ്തമല്ല. ഊരമന, ശിവലി ഭാഗങ്ങളില്‍ ശല്യം അസഹ്യമായിട്ട് നാളുകളേറെയായി. പെരുവംമൂഴി-കായനാട്-മാറാടി റോഡ് നിലവാരമുയര്‍ത്തി ടാര്‍ചെയ്തതോടെ ഇത്തരം ഭാരവണ്ടികള്‍ പുതിയ റോഡ് വഴിയായി ഓട്ടം. ഇതോടെ ശിവലി ഭാഗത്ത് ശല്യം അസഹ്യമായി. ഇതേ തുടര്‍ന്നാണ് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധുവിന്റെ നേതൃത്വത്തില്‍ പെരുവംമൂഴി കവലയ്ക്കു സമീപം ടോറസ്-ടിപ്പര്‍ ലോറികള്‍ തടഞ്ഞത്.
 
വൈകീട്ട് നടത്തിയ സമരത്തില്‍ ഇത്തരം മുപ്പതോളം വണ്ടികള്‍ തടഞ്ഞിട്ടു. വിവരമറിഞ്ഞ് രാമമംഗലം എസ്.ഐ എം.പി. എബിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ടോറസുകള്‍ക്കും ടിപ്പറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും അനുവദനീയ മായതില്‍ കൂടുതല്‍ കല്ല് കയറ്റരുതെന്നും വേഗത്തിന് പരിധി നിശ്ചയിക്കണമെന്നും സ്‌കൂള്‍ കുട്ടികള്‍ റോഡിലിറങ്ങുന്ന സമയത്ത് ഇവ ഓടിക്കരുതെന്നും നിശ്ചിത സമയങ്ങളില്‍ മാതമേ ഇവ ഓടിക്കാവൂ എന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

അസമയത്തും അനിയന്ത്രിതമായും ലോഡുമായി പോകുന്നത് തടയുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

റോഡിലൂടെ നടക്കാനാവാതെ നാട്ടുകാര്‍

ഊരമന, ശിവലി, രാമമംഗലം മേഖലകളില്‍ ടോറസ്-ടിപ്പര്‍ ലോറികളുടെ ശല്യം വളരെ കൂടുതലാണ്. പുലര്‍െച്ച പോലും ഇത്തരം വണ്ടികള്‍ പായുന്നത് കാണാം. രാവിലെ നടക്കാനിറങ്ങുന്നവര്‍ ഇവയെ ഭയന്ന് വഴിമാറി പോകേണ്ട അവസ്ഥയാണ്. രാവിലെയും വൈകീട്ടും സ്‌കൂള്‍ കുട്ടികള്‍ നിരത്തിലിറങ്ങുന്ന സമയത്ത് ഇവ ഓടുന്നത് തടഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും പലയിടത്തും നടപ്പാകാറില്ല.