പിറവം: വെട്ടിത്തറ വിശുദ്ധ മര്‍ത്ത മറിയം യാക്കോബായ സുറിയാനി പള്ളിയില്‍ 86-ാമത് പ്രധാന പെരുന്നാളിന് 31ന് കൊടിയേറും.
സെന്റ് മേരീസ് യൂത്ത് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇതോടൊപ്പം നടക്കുമെന്ന്്് ട്രസ്റ്റി പി.എ വില്‍സണ്‍, പെരുന്നാള്‍ സമിതി ഭാരവാഹികളായ ബിബിന്‍ ജേക്കബ്, ഷൈന്‍സണ്‍, അരുണ്‍ വര്‍ക്കി എന്നിവര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ കുര്‍ബാനയെ തുടര്‍ന്ന് 10.30ന് വികാരി ഫാ. പൗലോസ് എരമംഗലത്ത് കൊടി ഉയര്‍ത്തും. വൈകീട്ട് 7.45ന് നടക്കുന്ന ഭക്ത സംഘടനകളുടെ വാര്‍ഷിക യോഗം സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ പൂത്തൃക്ക ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍ തോമസ് കുരുവിള ഉദ്ഘാടനം ചെയ്യും.
ഫിബ്രവരി ഒന്നിന് രാവിലെ 8ന് കുര്‍ബാനയുണ്ട്. രാത്രി 8.30 നാണ് പ്രദക്ഷിണം.
പ്രധാന പെരുന്നാളായ ചൊവ്വാഴ്ച രാവിലെ 8.45ന് നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് കാര്‍മികത്വം നല്‍കും.
തുടര്‍ന്ന് 10.30 ന് നടക്കുന്ന യൂത്ത് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി സമാപന യോഗം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 12ന് താഴത്തെ കുരിശിങ്കലേക്ക് പ്രദക്ഷിണം, വൈകീട്ട് 7ന് മധുരൈ ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവയുണ്ട്.