പിറവം: കെ.എസ്.ആര്‍.ടി.സി.യുടെ രണ്ട് സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ പിറവത്ത് പെര്‍മിറ്റിനായി കാത്തുകിടപ്പായിട്ട് മാസങ്ങളേറെയായി. കോര്‍പ്പറേഷന്‍ നഷ്ടത്തിലോടുമ്പോഴാണ്, വരുമാനമുണ്ടാക്കേണ്ട പുതുപുത്തന്‍ വണ്ടികള്‍ പെര്‍മിറ്റില്ലാതെ മഴയും വെയിലുമേറ്റ് തുരുമ്പിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളുളള സൂപ്പര്‍ ഡീലക്‌സുകള്‍ സാധാരണയായി ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത്. ദീര്‍ഘദൂര സര്‍വീസിന് പെര്‍മിറ്റ് കിട്ടിയാലെ ഇവ രണ്ടും പുറത്തിറക്കാനാകൂ.

അഞ്ച് സൂപ്പര്‍ ഡീലക്‌സുകളാണ് പിറവം ഡിപ്പോയിലേക്ക് ലഭിച്ചത്. അതില്‍ രണ്ടെണ്ണമാണ് ബെഗളൂരു സര്‍വീസ് നടത്തുന്നത്. ശേഷിച്ച മൂന്ന് വണ്ടികളിലൊന്ന് മുവാറ്റുപുഴ ഡിപ്പോയിലേക്ക് നല്‍കി. അത് മൂവാറ്റുപുഴ - തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.

പിറവം ഡിപ്പോയിലുളള വണ്ടികള്‍ക്ക് പാലാ- ബദിയടുക്ക (കാസര്‍ഗോഡ)് റൂട്ടില്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് നീക്കം നടക്കുന്നുണ്ട്. സി.പിഎം. കാസര്‍ഗോഡ് ജില്ലാ സമിതിയാണ് പാലാ-പിറവം റൂട്ടില്‍ സര്‍വീസിന് ശ്രമിക്കുന്നതത്രെ. എന്നാല്‍, അതെന്ന് ലഭിക്കുമെന്ന കാര്യത്തിന് നിശ്ചയമില്ല.

കെ.എസ്.ആര്‍.ടി.സി.യുടെ ഒരു രീതിയനുസരിച്ച് ദിവസം നാല്‍പ്പതിനായിരം വരുമാനം ലഭിക്കാവുന്നതാണ് സൂപ്പര്‍ ഡീലക്‌സ് സര്‍വ്വീസ്.പെര്‍മിറ്റിന് വൈകുംതോറും കോര്‍പ്പറേഷന് ഈ നിരക്കിലുളള നഷ്ടമാണ് ദിവസേന ഉണ്ടാകുന്നത്.

ഈ വണ്ടികള്‍ വല്ലപ്പോഴും മറ്റു വണ്ടികള്‍ക്ക് പകരമായി ഓടിക്കാറുണ്ട്. പക്ഷേ, അങ്ങനെ പകരത്തിന് ഒടിക്കാനായി സൂപ്പര്‍ ഡീലക്‌സുകള്‍ നീക്കിവയ്ക്കുന്നത് കോര്‍പ്പറേഷന് ഭീമമായ നഷ്ടത്തിനിടയാക്കുകയാണ്.