പിറവം: പിറവം നിയോജകമണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയതു സംബന്ധിച്ച് പ്രഖ്യാപനം ഏപ്രില്‍ ഒന്നിന് നടക്കും. തിരുമാറാടി ടാഗോര്‍ ഹാളില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എം.എല്‍.എ. ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. യോഗത്തില്‍ ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍. വിജയന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

2017 മാര്‍ച്ച് 31 നകം നിയോജകമണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി വകുപ്പ് ഏറ്റെടുത്ത ദൗത്യമാണ് പൂര്‍ത്തിയായിരിക്കുന്നത്. പല കാരണങ്ങള്‍കൊണ്ട് വൈദ്യുതി ലഭിക്കാതിരുന്ന നാനൂറിലേറെ വീടുകളില്‍ തടസ്സങ്ങള്‍ നീക്കി വൈദ്യുതി എത്തിക്കുകയായിരുന്നു. പോസ്റ്റിട്ട് കറന്റെടുക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കഴിഞ്ഞിരുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെപദ്ധതി തുണയായി. അനൂപ് ജേക്കബ് എം.എല്‍.എ. തന്റെ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാരും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി സഹായിച്ചു. അങ്ങനെ കാലങ്ങളായി വൈദ്യുതി കിട്ടാതിരുന്ന കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഫലമായി വൈദ്യുതി കണക്ഷന്‍ ലഭിച്ചു.