കൊച്ചി : നഗരത്തില്‍ ബങ്ക് (പെട്ടിക്കടകള്‍) വാടകയ്ക്ക് കൊടുക്കുന്നതില്‍ വന്‍ അഴിമതി. എറണാകുളം നഗരത്തില്‍ കിന്‍കോ ജെട്ടിക്ക് സമീപം ജി.സി.ഡി.എ. ഉടമസ്ഥതയിലുള്ള പെട്ടിക്കടകള്‍ വര്‍ഷങ്ങളായി കൈയില്‍വെച്ച് കുറച്ചുപേര്‍ ലക്ഷങ്ങള്‍ കൊയ്യുകയാണ്. നഗരത്തിലെ രാഷ്ട്രീയനേതൃത്വം അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്നു.

വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ബങ്കുകള്‍ പലപേരില്‍ കൈയടക്കിയ ശേഷം അത് ദിവസവാടകയ്ക്കായി കച്ചവടക്കാര്‍ക്ക് മറിച്ച് നല്‍കുകയാണ്. ബങ്കുകളോട് ചേര്‍ന്ന് സ്വന്തം നിലയില്‍ ചാര്‍ത്തുകള്‍ ഉണ്ടാക്കി, ജി.സി.ഡി.എ. അറിയാതെ അത് ദിവസവാടകയ്ക്ക് നല്‍കുന്നവരുമുണ്ട്. കച്ചവടക്കാരുമായി ദിവസവാടക സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനും ഇടനിലനില്‍ക്കാനും സി.പി.എം. പ്രാദേശികനേതാക്കള്‍ രംഗത്തുണ്ട്. ബങ്ക് ഉടമകളായ ജി.സി.ഡി.എ. ആവട്ടെ അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നില്ല.
 
അഞ്ചുബങ്കുകള്‍ വരെ കൈക്കലാക്കിയവര്‍
 
കിന്‍കോ ജെട്ടിക്ക് സമീപം 52 ബങ്കുകളാണ് വികസന അതോറിറ്റിക്ക് സ്വന്തമായുള്ളത്. ഇതില്‍ അഞ്ചു ബങ്കുകള്‍വരെ പല പേരുകളില്‍ കൈക്കലാക്കിവെച്ചിട്ടുള്ളവരുണ്ട്. അവര്‍ തങ്ങളുടെ കടകളോട് ചേര്‍ന്ന് സ്വന്തംനിലയില്‍ ചാര്‍ത്തുണ്ടാക്കി, വികസന അതോറിറ്റി അറിയാതെ വാടകയ്ക്ക് നല്‍കുകയാണ്. കടയുടെ ചാര്‍ത്തിന് ദിവസവാടകയായി 1,000 രൂപ വരെ ഇടാക്കി വരുന്നുണ്ട്.

ദിവസവാടകയിനത്തില്‍ ചാര്‍ത്തുകളില്‍ വര്‍ഷങ്ങളായി കച്ചവടം നടത്തുന്നവരുമുണ്ട്. അവരില്‍നിന്ന് വാടക കൂടുതല്‍ വാങ്ങാനുള്ള ഇടനിലക്കാരുടെ ശ്രമങ്ങള്‍ക്ക് രാഷ്ട്രീയനേതൃത്വം കൂട്ടുനില്‍ക്കുകയാണ്. വാടകകൂട്ടി നല്‍കാത്തവരെ ഒഴിവാക്കി കൊടുക്കാന്‍വരെ ഇവര്‍ ഇടപെടുന്നു.
ഭീഷണിപ്പെടുത്തിയെന്ന് പരാതി

ബങ്കിനരികിലെ ചാര്‍ത്തില്‍ ദിവസവാടകയ്ക്ക് പതിനഞ്ചുവര്‍ഷമായി പലഹാരങ്ങളുണ്ടാക്കി വില്പന നടത്തിക്കൊണ്ടിരിക്കുന്ന ഒരു വ്യാപാരിയെ കഴിഞ്ഞ ദിവസം ചാര്‍ത്തില്‍നിന്ന് ഒഴിവാക്കാന്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇടനിലക്കാരനുമായി ഉണ്ടായ തര്‍ക്കത്തില്‍ അന്ന് പാര്‍ട്ടിയുടെ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് ധാരണ ഉണ്ടാക്കിയിട്ടാണ് വാടക നീട്ടി നല്‍കിയത്. അഞ്ചുകടകള്‍ സ്വന്തമാക്കി വെച്ചിട്ടുള്ള ഇടനിലക്കാരന്‍ ഉണ്ടാക്കിയിട്ടുള്ള ചാര്‍ത്ത് ഒഴിപ്പിച്ചെടുക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടിരിക്കുന്നത്.

ലോക്കല്‍ സെക്രട്ടറിയും ഇടനിലക്കാരനും ചേര്‍ന്ന്, ചാര്‍ത്തൊഴിഞ്ഞില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കേണ്ടിവരുമെന്ന് ഭീഷണപ്പെടുത്തിയിരിക്കുകയാണ്. രക്ഷതേടി വ്യാപാരി പാര്‍ട്ടി ഏരിയ കമ്മിറ്റിക്കു മുന്നില്‍ പരാതിയുമായി എത്തിയിരിക്കുകയാണ്.

ജി.സി.ഡി.എ.യുടെ കണ്ണായ സ്ഥലം ചിലര്‍ വീതിച്ചെടുത്ത് ലക്ഷങ്ങള്‍ അടിച്ചെടുക്കുമ്പോഴും അധികൃതര്‍ ഇതൊന്നുമറിഞ്ഞമട്ടില്ല. അമ്പത്തിരണ്ട് കടകളില്‍ 22 കടകള്‍ വെറുതെ പൂട്ടിയിട്ടിരിക്കുകയാണ്. ബങ്കുകള്‍ പൊളിച്ച് അവിടെ വലിയ ഷോപ്പിങ് കോംപ്ലക്‌സ് പണിയുന്നതിനുള്ള പദ്ധതി വികസന അതോറിറ്റി ആവിഷ്‌കരിച്ചിരുന്നു. അതും അട്ടിമറിക്കപ്പെടുകയായിരുന്നു.

അടുത്തിടെ മറൈന്‍ഡ്രവിലെ ജി.സി.ഡി.എ. ഷോപ്പിങ് കോംപ്ലക്‌സില്‍ ചെയര്‍മാന്‍ സി.എന്‍. മോഹനന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇടനിലക്കാര്‍ കടമുറികള്‍ സ്വന്തമാക്കി, വികസന അതോറിറ്റിക്ക് വന്‍ നഷ്ടം ഉണ്ടാക്കുന്നതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.