പെരുമ്പാവൂര്‍: ജോലി തേടി ബന്ധുവിനൊപ്പം കേരളത്തിലെത്തുകയും പിന്നീട് കാണാതാവുകയും ചെയ്ത ഒഡിഷ സ്വദേശിയെ കണ്ടെത്തി. ഒഡിഷയിലെ കന്ധമാല്‍ സ്വദേശിയായ ഇന്ദ്ര നായക് (19) എന്ന യുവാവിനെക്കുറിച്ച് മൂന്ന് മാസത്തോളമായി വിവരമൊന്നുമുണ്ടായിരുന്നില്ല.

ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ.സഫീറുള്ളയുടെ നിര്‍ദേശപ്രകാരം വാഴക്കുളം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പള്ളിക്കര മൂണേലിമുകളില്‍ നിന്ന് യുവാവിനെ കണ്ടെത്തിയത്.

ഒഡിഷയിലെ വനാതിര്‍ത്തി ഗ്രാമത്തിലെ ദളിത് കുടുംബാംഗമായ ഇന്ദ്ര നായക് നിരക്ഷരനാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നയാളുമാണ്.

ഉള്‍നാട്ടിലെ ഒറിയയല്ലാതെ മറ്റു ഭാഷയൊന്നും അറിയില്ല. ഫോണ്‍ നമ്പറോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്ത യുവാവ് സഹോദരീ ഭര്‍ത്താവായ കൃഷ്ണ നായക്കിനൊപ്പമാണ് കേരളത്തിലെത്തിയത്.

കൃഷ്ണനായക് അങ്കമാലിയില്‍ ഹോട്ടല്‍ തൊഴിലാളിയാണ്. അങ്കമാലിയിലെ ഹോട്ടലിലാണ് ഇന്ദ്ര നായക് ആദ്യം ജോലിയില്‍ കയറിയത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഹോട്ടലുടമ ഇയാളെ മുവാറ്റുപുഴ വാഴക്കുളത്തിനടുത്ത് ആവോലിയിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി. രണ്ടുദിവസം ഇവിടെ ജോലിചെയ്ത യുവാവിനെ പിന്നീട് കാണാതായി. ഫോണ്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ബന്ധുക്കളും സുഹൃത്തുക്കളും ആഴ്ചകളോളം ഇയാളെ തിരഞ്ഞ് പലയിടങ്ങളിലും അലഞ്ഞുനടന്നു.

സഹോദരന്‍ കലകാനു നായക്, സഹോദരീ ഭര്‍ത്താവ് കൃഷ്ണനായക്, ഇവരുടെ നാട്ടുകാരനും അങ്കമാലിയിലെ ക്വാറിയില്‍ തൊഴിലാളിയുമായ രാഹുല്‍ എന്നിവര്‍ പലരോടും കരഞ്ഞുകൊണ്ടാണ് ഇന്ദ്രനായക്കിനെക്കുറിച്ച് അന്വേഷിച്ച് നടന്നത്.

ഇതിനിടെ, കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്ന പെരുമ്പാവൂരിലെ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ് (സി.എം.ഐ.ഡി.) എന്ന സംഘടനയുടെ ഡയറക്ടര്‍ ബിനോയ് പീറ്റര്‍ വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.

17 കൊല്ലമായി പെരുമ്പാവൂരുള്ള ഒഡിഷ സ്വദേശി രാജേന്ദ്രന്റെ സഹായവും ലഭിച്ചു. വാഴക്കുളം എസ്.ഐ. ബേസില്‍തോമസ്, എ.എസ്.ഐ. ജി.എ. അസീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ യുവാവ് പള്ളിക്കരയ്ക്ക് അടുത്തുണ്ടെന്ന് വിവരം ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് ഇയാളെ ബന്ധുക്കള്‍ക്കൊപ്പം സ്വദേശത്തേക്ക് തിരിച്ചയച്ചു.