പറവൂര്‍: കര്‍ഷകരും വീട്ടമ്മമാരും സ്വാശ്രയ കൃഷിസംഘങ്ങളും ഉള്‍പ്പെടെ 125ഓളം പേര്‍ എത്തിയ പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ ഓണം കാര്‍ഷിക മേളയില്‍ താരമായത് വടക്കേക്കര മുഹമ്മദന്‍സ് ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികൃഷിക്കാര്‍. ഇവര്‍ സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്ത 17 ഇനം പച്ചക്കറികളും നൂറിലേറെ ഔഷധസസ്യങ്ങളുമായാണ് എത്തിയത്.
 
സ്‌കൂള്‍ മുറ്റത്ത് നട്ടുനനച്ചു വളര്‍ത്തിയ വിവിധയിനം പച്ചക്കറിത്തൈകള്‍ മേളയ്ക്ക് എത്തിയവര്‍ക്ക് കൗതുകമായി. ഔഷധ സസ്യങ്ങളില്‍ നിലക്കാഞ്ഞിരവും നിലപ്പാലയും ചെറൂളയും അരൂതയും മുയല്‍ച്ചെവിയും ഓണത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന തുമ്പയുമൊക്കെയുണ്ടായി.
 
കുട്ടികളില്‍ ഓര്‍മ്മശീലം ഉണര്‍ത്തുന്ന ബ്രഹ്മി മുതല്‍ കമ്യൂണിസ്റ്റ് പച്ചവരെ കുട്ടികളുടെ കൃഷിയിടത്തില്‍ നിന്നും പ്രദര്‍ശനത്തിന് എത്തി. നടന്‍ സലിംകുമാറിന്റെ ഭാര്യ സുനിതയും കൂട്ടുകാരി ലതാ രാധാകൃഷ്ണനും മട്ടുപ്പാവില്‍ നട്ടുവളര്‍ത്തുന്ന 170ഓളം കാര്‍ഷിക ഇനങ്ങളുമായാണ് പ്രദര്‍ശനത്തിന് എത്തിയത്.
 
മധുര നാരങ്ങയും ചൈനീസ് ഓറഞ്ചും ന്യൂസിലന്‍ഡ് ഓറഞ്ചും മുസ്സമ്പിയുമായി ഒടിച്ചുകുത്തി നാരകം ഉള്‍പ്പെടെ നാരങ്ങയുടെ ഇനങ്ങള്‍ പലതരം. മലയിഞ്ചി, നല്ലയിഞ്ചി, മാങ്ങയിഞ്ചി തുടങ്ങി ഇഞ്ചികളുമുണ്ട് വിവിധതരം. പച്ചമുളകാകട്ടെ ഇവരുടെ ശേഖരത്തില്‍ 27തരമുണ്ട്. കൂടാതെ പാഷന്‍ ഫ്രൂട്ടു മുതല്‍ എളന്തപ്പഴം വരെ.
 
വീട്ടമ്മമാര്‍ തങ്ങളുടെ അടുക്കള കൃഷിയായി ഒട്ടനവധി ഇനങ്ങള്‍ എത്തിച്ചിരുന്നു. മധുരച്ചേമ്പു മുതല്‍ ചുവന്ന കാച്ചിലും അടുക്കളയില്‍ ഉണ്ടാക്കിയ നാടന്‍ കൂവപ്പൊടിയും ഒക്കെ അതില്‍പ്പെടും. പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും ബാങ്ക് അധികൃതര്‍ പ്രോത്സാഹന പുരസ്‌കാരങ്ങള്‍ നല്‍കി.