Prasadപറവൂര്‍: സിനിമയില്‍ അഭിനയിക്കുന്നതിന് പുതുമുഖങ്ങളെ തേടി സംവിധായകന്‍ എന്ന വ്യാജേന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് തട്ടിപ്പു നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വാണിയംകുളം കൂനന്തറ വാഴയില്‍ വീട്ടില്‍ പ്രസാദ് (32) ആണ് വടക്കേക്കര പോലീസിന്റെ പിടിയിലായത്.

'നിള പറഞ്ഞ കഥ' എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് പുതുമുഖങ്ങളെ ആവശ്യപ്പെട്ട് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ ബന്ധപ്പെട്ട യുവതിയുടെ ഫോട്ടോകള്‍ വാങ്ങി. പരിചയം സൗഹൃദമാക്കിയ ശേഷം യുവതിയെ വിവാഹം ചെയ്തുകൊള്ളാം എന്ന വാഗ്ദാനവും ഇയാള്‍ നടത്തി.

സിനിമ പിടിക്കുന്നതിന് പിന്നീട് യുവതിയോട് ലക്ഷങ്ങള്‍ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ യുവതിയുടെ ഫോട്ടോകള്‍ മോശമായ രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതിയുടെ അമ്മയുടെ പരാതി പ്രകാരം വടക്കേക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടക്കേക്കര എസ്.ഐ. ഷോജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഒറ്റപ്പാലത്തെ വീട്ടില്‍ നിന്ന് യുവാവിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.