പനങ്ങാട്: ക്രിസ്മസ് വിപണിക്ക് ആവേശം പകര്‍ന്ന് പനങ്ങാട് കായലില്‍ നടന്ന മത്സ്യക്കൊയ്ത്തില്‍ ആയിരക്കണക്കിന് കിലോ കരിമീനും ചെമ്പല്ലിയും ലഭിച്ചു. കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാലയുടെ (കുഫോസ്) സഹായത്തോടെ കുമ്പളം ഗ്രാമപ്പഞ്ചായത്തിലെ കര്‍ഷകരുടെ സ്വയംസഹായ സംഘങ്ങള്‍ 'പെന്‍ കള്‍ച്ചര്‍' രീതിയിലൂടെ പനങ്ങാട് കായലില്‍ കൃഷി ചെയ്ത കരിമീനും ചെമ്പല്ലിയുമാണ് ക്രിസ്മസ് വിപണിയെ ലക്ഷ്യമാക്കി ശനിയാഴ്ച ഉച്ചയോടെ വലയിലാക്കിയത്.

മത്സ്യ കൃഷിയിലുടെ ഗ്രാമങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ കുമ്പളം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി ആറാട്ടുപുഴ ഗ്രാമത്തെയും കുഫോസ് ദത്തെടുത്തിരുന്നു.

ഇതിന്റെ ഭാഗമായി കുമ്പളം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ കായലില്‍ കര്‍ഷകരുടെ സ്വയംസഹായ സംഘങ്ങള്‍ നടത്തിയ മീന്‍കൃഷിയിലാണ് വന്‍ വിളവെടുപ്പ് ലഭിച്ചത്. കൃഷി ചെയ്ത ഓരോ സ്വയംസഹായ സംഘത്തിനും നുറുകണക്കിന് കിലോ കരിമീനും ചെമ്പല്ലിയും കിട്ടി.

കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ് മത്സ്യക്കൊയ്ത്ത് ഉദ്ഘാടനം ചെയ്തു.

കുഫോസ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി.വി. ശങ്കര്‍, യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. എം.എസ്. രാജു, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ഡെയ്‌സി കാപ്പന്‍, അക്വാ കള്‍ച്ചര്‍ ഹെഡ് ഡോ. കെ. ദിനേശ് എന്നിവര്‍ മത്സ്യ വിളവെടുപ്പിന് നേതൃത്വം നല്‍കി. കുഫോസിന്റെ കീഴിലുള്ള ഇരുപതോളം കര്‍ഷക സംഘങ്ങളുടെ മത്സ്യ കൃഷിയാണ് ശനിയാഴ്ച വിളവെടുപ്പ് നടത്തിയത്. ഇതില്‍ ബമ്പര്‍ വിളവെടുപ്പ് ലഭിച്ചത് കുമ്പളം പഞ്ചായത്ത് മെമ്പര്‍ എം.വി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള 'ഉണര്‍വ്' സംഘത്തിനാണ്. 800 കിലോയോളം മീന്‍ ഉണര്‍വ് സംഘത്തിന് ലഭിച്ചു.