local
തട്ടിപ്പ് നടത്തിയ സ്ത്രീ ഇട്ടുകൊടുത്ത
മാലയുമായി പള്ളുരുത്തി സ്വദേശിനി റീത്ത
പള്ളുരുത്തി: 'എന്റെ മാല തട്ടിയെടുത്തതും അവളാ... തോപ്പുംപടി പള്ളിയില്‍ വച്ചാണ് അവള്‍ എന്നോടൊപ്പം കൂടിയത്. ഡോക്ടറാണെന്നാ പറഞ്ഞേ... എന്റെ കൂടെ പള്ളുരുത്തിയിലുള്ള മകളുടെ വീട്ടിലും വന്നു.... പോയപ്പോള്‍ അവള്‍ മാലയുമായാണ് പോയത്...' - പള്ളുരുത്തി കളത്ര കുത്തുകാട്ടില്‍ ജോര്‍ജിന്റെ ഭാര്യ റീത്ത പറയുന്നു. കൊച്ചിയില്‍ വയോധികയെ കബളിപ്പിച്ച് മാല തട്ടിയെടുത്ത സ്ത്രീയുടെ ചിത്രം സമൂഹമാധ്യമത്തില്‍ കണ്ടപ്പോഴാണ് റീത്ത ആ തട്ടിപ്പുകാരിയെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് 74-കാരിയായ റീത്തയെ ഈ സ്ത്രീ കബളിപ്പിച്ചത്. റീത്തയുടെ മകള്‍ അസുഖത്തെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് മരിച്ചുപോയതാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ തോപ്പുംപടി കൊച്ചുപള്ളിയിലെത്തി പ്രാര്‍ത്ഥിക്കുമായിരുന്നു. ഇങ്ങനെ പള്ളിയിലെത്തിയപ്പോഴാണ് പരിചയഭാവം നടിച്ച് ഈ സ്ത്രീ വന്നത്.

'മരിച്ചുപോയ എന്റെ അമ്മയെ പോലെയിരിക്കുന്നു. അമ്മയ്ക്കു വേണ്ടി എനിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. അതുകൊണ്ട് ഈ മാല ചേച്ചിക്ക് ഇരിക്കട്ടെ...' എന്നു പറഞ്ഞ് അവളുടെ മാല എനിക്ക് കഴുത്തിലിട്ട് തന്നു. പിന്നെ എന്റെ മാല ഊരി എന്റെ പേഴ്‌സില്‍ വയ്ക്കുന്നതായി കാണിച്ചു. പേഴ്‌സ് എന്റെ കൈയില്‍ തന്നു. പള്ളിയില്‍ നിന്ന് ഞങ്ങള്‍ രണ്ടുപേരും ഓട്ടോയില്‍ കയറി എന്റെ മകളുടെ വീട്ടിലേക്ക് പോയി. എന്റെ മകളുടെ വീട്ടിലിരുന്ന് വര്‍ത്തമാനം പറഞ്ഞു. എന്നെ ആശ്വസിപ്പിച്ചു. ഇനിയും വരാമെന്നു പറഞ്ഞ് പോകുകയും ചെയ്തു.

അവള്‍ പൊയ്ക്കഴിഞ്ഞ് പേഴ്‌സ് തുറന്ന് നോക്കിയപ്പോള്‍ എന്റെ മാല ഇല്ല. അവള്‍ കഴുത്തില്‍ ഇട്ടുതന്നത് മുക്കുപണ്ടമായിരുന്നു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. പിന്നീട് അവളെ കണ്ടിട്ടില്ല. പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ ഉടനെ പരാതി കൊടുത്തെങ്കിലും അവിടെ നിന്ന് അന്വേഷണവുമുണ്ടായില്ല.

പരാതി കൊടുത്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഇതേ സ്ത്രീ, സമാനമായ രീതിയില്‍ കതൃക്കടവ് സെയ്ന്റ് ഫ്രാന്‍സിസ് പള്ളിയില്‍ വന്ന വയോധികയെ കബളിപ്പിച്ച് മാല തട്ടിയെടുത്തത്. കലൂരിലെ സംഭവം നടന്ന ശേഷമാണ് പോലീസ് റീത്തയുടെ മകളുടെ പള്ളുരുത്തിയിലുള്ള വീട്ടില്‍ അന്വേഷണത്തിനെത്തിയത്. കലൂര്‍ പള്ളിയില്‍ കിട്ടിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ റീത്തയുടെ വീട്ടുകാരെ കാണിച്ചു. സ്ത്രീയെ അവര്‍ തിരിച്ചറിയുകയും ചെയ്തു. റീത്ത പള്ളുരുത്തി പോലീസിന് നല്‍കിയ പരാതി ഗൗരവത്തിലെടുക്കാത്തതാണ് പ്രശ്‌നമായത്.

തോപ്പുംപടി പള്ളിയില്‍ വച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളില്‍ പരിശോധനയ്ക്കായി ശ്രമിച്ചെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ലെന്നും റീത്തയുടെ ബന്ധുക്കള്‍ പറഞ്ഞു.