കൊച്ചി: കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി തുടങ്ങി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ എന്ന പേരിലാണ് അടിയന്തര നടപടികൾ ആരംഭിച്ചത്.

രാത്രി മുഖ്യമന്ത്രിയുടെ നിർദേശമെത്തിയതോടെ കളക്ടർ ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരമുപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. ഒറ്റ രാത്രികൊണ്ട് നഗരത്തെ പഴയ രീതിയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

വൈദ്യുതി ബോർഡിന്റെ കലൂരിലെ സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനായിരുന്നു ആദ്യ നീക്കം. രാത്രി ഒമ്പതരയോടെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വലിയ ജനറേറ്ററുകൾ സ്ഥാപിച്ച് വെള്ളം പമ്പിങ് ആരംഭിച്ചിരുന്നു.

തുടർന്ന് പത്തേകാലിന് കളക്ടർ, കമ്മിഷണർ വിജയ് സാഖറെ, അഡീഷണൽ കമ്മിഷണർ കെ.പി. ഫിലിപ്പ്, ഡെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലി, ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി, കണയന്നൂർ താലൂക്ക് തഹസിൽദാർ ബീന പി. ആനന്ദ്, അഗ്നിരക്ഷാ സേനാംഗങ്ങൾ, വൈദ്യുതി, ഇറിഗേഷൻ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

വെള്ളം കെട്ടിക്കിടക്കുന്ന ബണ്ടുകൾ കണ്ടെത്തി പൊളിച്ചു കളയും. വെള്ളക്കെട്ടിൽനിന്ന്‌ നഗരത്തെ മോചിപ്പിക്കാൻ എന്ത് നടപടിയും സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.

കലൂർ, കടവന്ത്ര, നോർത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളും സന്ദർശിച്ചു. രാവിലെ മുതൽ അഗ്നിരക്ഷാസേന സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പിങ് തുടങ്ങിയിരുന്നു. വരുന്ന ദിവസങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടാകാവുന്ന വെള്ളക്കെട്ട് ഒഴിവാക്കാനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് കളക്ടർ എസ്. സുഹാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ഇതിനുള്ള പദ്ധതി ആവിഷ്കരിക്കും. വെള്ളക്കെട്ട് തടയാൻ കൊച്ചി കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് ഇപ്പോൾ ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരമുപയോഗിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ ആരംഭിച്ചതെന്ന് കളക്ടർ മറുപടി നൽകി.

മിക്ക റോഡുകളിലും വെള്ളം കെട്ടിനിൽക്കുന്നതിനുള്ള പ്രധാന കാരണം അടഞ്ഞ ഓടകളാണ്. സ്വാഭാവികമായ നീരൊഴുക്കുകൾ തടസ്സപ്പെടുത്തിയതും അനധികൃത കൈയേറ്റവും വെള്ളക്കെട്ടിന് കാരണമായി.