മൂവാറ്റുപുഴ: മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ ഓടയിലേക്ക് സ്ലാബുകള്‍ തകര്‍ന്നുവീണുതുടങ്ങി. റോഡിലെ ടൈലുകള്‍ പൊളിഞ്ഞ് അപകടത്തിലായി. ഇ.ഇ.സി. റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഓടയിലേക്ക് വീഴുന്നത് തടയാന്‍ അടയാള ഫലകങ്ങളോ ചുവപ്പടയാളംപോലുമോ ഇല്ല. പൈപ്പ് പൊട്ടി റോഡ് സദാസമയവും പൊളിഞ്ഞിരുന്ന പ്രദേശമായ സ്ഥലമാണിത്. ടൈല്‍ വിരിച്ചും ഓടയ്ക്കു മുകളില്‍ സ്ലാബിട്ടും മെച്ചപ്പെടുത്തിയ കവലയാണ് ഇപ്പോള്‍ അപകടസ്ഥലമായിരിക്കുന്നത്.

സ്‌കൂള്‍ തുറക്കുന്നതോടെ നിരവധി സ്‌കൂള്‍ വാഹനങ്ങളും കുട്ടികളും എത്തുന്ന സ്ഥലമാണിത്. റോഡിനോട് ചേര്‍ന്നുള്ള കുഴി എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാക്കാം. ഇരുചക്രവാ ഹനങ്ങള്‍ക്കൊപ്പം വലിയ ഭാരവാഹനങ്ങള്‍ക്കും ഭീഷണിയാണിത്. എറണാകുളം-പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് വരുന്ന ഭരവാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയുടെ ബൈപ്പാസാണിത്. അതോടൊപ്പം തിരക്കേറിയ കവലയും.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എമ്മിലേക്ക് കയറുന്ന ഭാഗത്ത് സ്ലാബിന്റെ അടിഭാഗമിളകി ഓടയിലേക്ക് വീണിരിക്കുകയാണ്. മൂവാറ്റുപുഴ മേഖലാ പൗരസമിതി ഏറെക്കാലം നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് ഇവിടെ ടൈല്‍ വിരിച്ച് നന്നാക്കിയത്. ഇപ്പോഴത്തെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് നജീര്‍ ഉപ്പൂട്ടിങ്കലിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.