മുളവുകാട്: കായലില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതു മൂലം മീന്‍പിടിത്തക്കാര്‍ ദുരിതത്തില്‍. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിന്റെ ഭാഗത്ത് കായലിലാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഭീഷണിയാകുന്നത്.

കണ്ടെയ്‌നര്‍ റോഡിനോടു ചേര്‍ന്നുള്ള കായലിലും ചുറ്റുമുള്ള വിവിധ പാലങ്ങളുടെ അടിയിലാണ് ഇവ കുന്നുകൂടി കിടക്കുന്നത്. കായലില്‍ പലയിടത്തും ഇതുമൂലം നീരൊഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. മൂലമ്പിള്ളി ഭാഗത്തും കോണ്‍ക്രീറ്റ് പാലത്തിന്റെ അവശിഷ്ടങ്ങള്‍ കായലില്‍ വീണുകിടക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഈഭാഗത്ത് കായലിന്റെ വീതി വളരെയേറെ കുറഞ്ഞിട്ടുമുണ്ട്.

നിത്യച്ചെലവിനുള്ള വക കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മീന്‍പിടിത്തക്കാര്‍. അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് നീരൊഴുക്ക് സാധാരണ നിലയിലാക്കണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജനപ്രതിനിധികളുടെയും പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയുമെല്ലാം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എം.എന്‍. പങ്കജാക്ഷനും സെക്രട്ടറി വി.കെ. ഷാജിലാലും പറഞ്ഞു.

പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കും. മുളവുകാട്, എളങ്കുന്നപ്പുഴ, നായരമ്പലം, ഞാറയ്ക്കല്‍, കടമക്കുടി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ കണ്ടെയ്‌നര്‍ റോ!ഡ് ഉപരോധം ഉള്‍പ്പെടെ സമരം ആസൂത്രണം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.