മരട്: നൗഫലിന്റെ കരളാണ് കുഞ്ഞു റബീഹ്. കരളിന്റെ കരള്‍ നൗഫലിന്റേതു തന്നെയാണു താനും! എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പിതാവിന്റെ കരള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എറണാകുളം ലേക്ഷോര് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ നെച്ചിത്തടത്തില്‍ നൗഫലിന്റെയും ജിഷാബിയുടെയും മകന് റബീഹിനാണ് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്.
'ബിലിയറി അട്രീസീയ' എന്ന അപൂര്‍വ രോഗമായിരുന്നു റബീഹിനെ വലച്ചത്. തൂക്കക്കുറവും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കഴിയാത്തതിനാലുള്ള പ്രശ്നങ്ങളും വളര്‍ച്ച പ്രാപിക്കാതിരുന്ന ശ്വാസകോശങ്ങളുമായി അടിക്കടി അണുബാധകളോട് പൊരുതിയിരുന്ന കുഞ്ഞിനെ കഴിഞ്ഞ ജൂലായിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് ആറ് കിലോ മാത്രമായിരുന്നു തൂക്കം.
കടുത്ത മഞ്ഞപ്പിത്തമായിരുന്നു മറ്റൊരു പ്രശ്നം. ബിലിറൂബിന്‍ 42 മടങ്ങാണ് ഉയര്‍ന്നിരുന്നത്. ഇതിനായി നേരത്തെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു. റബീഹിനെ പരിശോധിച്ച ഡോ. അഭിഷേക് യാദവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവെക്കല്‍ മാത്രമേ പരിഹാരമുള്ളൂവെന്ന് കണ്ടെത്തി.
പക്ഷേ, ഇത്ര ചെറിയ കുഞ്ഞിന് കരള്‍ മാറ്റിവെക്കുന്നത് അത്യപൂര്‍വമാണ്. വലിയ അപകട സാധ്യതയുള്ള കാര്യവും - ഡോ. അഭിഷേക് പറഞ്ഞു.
ഇത്ര ചെറിയ കരള്‍ഭാഗം കണ്ടുപിടിക്കലും 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്റര്‍ മാറ്റുന്നതുമായിരുന്നു ശസ്ത്രക്രിയയിലെ പ്രധാന വെല്ലുവിളികള്‍. കുഞ്ഞിന്റെ പിതാവിന്റെ കരളിന്റെ ഒരു ഭാഗമാണ് വെച്ചുപിടിപ്പിച്ചത്. തനിച്ച് ശ്വസിക്കാന്‍ കുഞ്ഞിന് കൂടുതല്‍ സമയം വേണമായിരുന്നു. വളര്‍ച്ചയെത്താത്ത ശ്വാസകോശങ്ങളാണ് ഈ അപകട സാധ്യത കൂട്ടിയത്. കരള്‍മാറ്റത്തിനു പിന്നാലെ കുഞ്ഞിന്റെ ശ്വാസനാളത്തിലേക്ക് ഒരു കൃത്രിമ വഴിയുണ്ടാക്കുന്ന ട്രാക്കിയോസ്റ്റോമി എന്ന മാര്‍ഗം അവലംബിച്ചു.
സ്വന്തമായി ശ്വസിക്കാറാവും വരെ ശസ്ത്രക്രിയയ്ക്കു ശേഷം 89 ദിവസമാണ് കുഞ്ഞ് വെന്റിലേറ്ററില്‍ കിടന്നത്. വെന്റിലേറ്ററില്‍, ഐ.സി.യു.വില്‍ കിടക്കുമ്പോഴായിരുന്നു ഒന്നാം ജന്മദിനം ആഘോഷിച്ചത്-ഡോ. അഭിഷേക് കൂട്ടിച്ചേര്‍ത്തു.
വി.പി.എസ്. ലേക്ഷോര് ആശുപത്രി കോംപ്രിഹെന്‍സീവ് ലിവര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അഭിഷേക് യാദവിനു പുറമെ ഡോ. മായ പീതാംബരന്, ഡോ. മോഹന്‍ മാത്യു, ഡോ. നിത, ഡോ. സതീഷ് കുമാര്‍ എന്നിവരും ചികിത്സയില്‍ പങ്കെടുത്തു.