കോതമംഗലം: താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടി നോക്കാന്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഭയമാണ്. വിവിധ കേസുകളില്‍പ്പെട്ട്, പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിക്കുന്നവരില്‍ നിന്ന് ഉള്‍പ്പെടെയുള്ള മോശമായ അനുഭവമാണ് കാരണം. ഡ്യൂട്ടിക്കെത്തിയാല്‍ ചിലപ്പോള്‍ അടികിട്ടും അല്ലെങ്കില്‍ അസഭ്യം കേള്‍ക്കണമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതമായി ജോലിചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്ന പരാതി ശക്തം. ഇതുകാരണം രാത്രികാലത്ത് ഇവിടെ ജോലിചെയ്യാന്‍ പലരും വിമുഖരാണ്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തിന്റെ താളംതെറ്റിക്കും.

അടിപിടിക്കേസില്‍പ്പെട്ടും മദ്യപിച്ചും എത്തുന്നവരുടെ അഴിഞ്ഞാട്ടം കാരണം നിര്‍ഭയമായി ജോലിചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരും ജീവനക്കാരുമാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറെയും അനുഭവിക്കുന്നത്.

പോലീസ് എയ്ഡ് പോസ്റ്റ് ഏര്‍പ്പെടുത്തണമെന്ന് കാലങ്ങളായി ആവശ്യം നിഷേധിക്കപ്പെടുകയാണ്.അത്യാഹിത വിഭാഗത്തില്‍ പോലീസിന് ഒപ്പം എത്തിയ പ്രതി ഡ്യൂട്ടി ഡോക്ടറെ അടിച്ചതും അഴിഞ്ഞാടിയതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മദ്യലഹരിയില്‍ പോലീസ് കസ്റ്റഡിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന ആദിവാസി യുവാവ് അത്യാഹിത വിഭാഗത്തില്‍ അഴിഞ്ഞാടിയത് മൂന്നുദിവസം മുമ്പാണ്. പോലീസിന് മുന്നില്‍ വച്ചാണ് യുവാവ് അക്രമം നടത്തിയത്. ഡ്രസ്സിങ് മുറിയുടെ കാബിന്‍ അടിച്ചുതകര്‍ത്തു. മുറിയുടെ ഗ്ലാസ് ഡോറും ഷീറ്റിട്ട് തിരിച്ച ഭാഗവുമാണ് തകര്‍ത്തത് എച്ച്.എം.സി. ഭാരവാഹികളെ അറിയിച്ചിട്ടും തകര്‍ന്ന ഭാഗം നേരെയാക്കാന്‍ തിരിഞ്ഞുനോക്കിയിട്ടില്ല.

കഴിഞ്ഞദിവസം രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടറെ സന്ദര്‍ശിച്ചു കൊണ്ടിരിക്കെയാണ് ഒരുസംഘം ആളുകള്‍ രോഗിയെ മര്‍ദിച്ചത്. പോലീസ് എത്താന്‍ വൈകിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പോലീസ് എത്തി ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്.

രാത്രികാലങ്ങളില്‍ മദ്യപരും കഞ്ചാവുവലിക്കാരും സാമൂഹികദ്രോഹികളുമെല്ലാം ആശുപത്രി പരിസരത്ത് തമ്പടിക്കുകയും അസഭ്യവും ബഹളവും അടിപിടിയും പതിവുകാഴ്ചയുമാണ്. ചിലര്‍ രാത്രികാലത്ത് ഇവിടം ഉറങ്ങാനുള്ള താവളവുമാക്കാറുണ്ട്. ചിലപ്പോള്‍ അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും ആയിരിക്കും ഇവരുടെ അഴിഞ്ഞാട്ടം. ഇതുകാരണം സ്വസ്ഥമായി ജോലിചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്ന് ജീവനക്കാര്‍ മേലധികാരികള്‍ക്ക് പരാതി നല്‍കി. സ്ത്രീകളും കുട്ടികളും ഭീതിയിലാണ് ഇവിടെ കഴിയുന്നത്.

അത്യാഹിത വിഭാഗത്തിന് സമീപം പോലീസ് എയ്ഡ് പോസ്റ്റ് കാബിന്‍ പണിതിട്ട് രണ്ട് വര്‍ഷത്തിലേറെയായി. ഇതുവരെ ഇവിടെ പോലീസ് എത്തിയിട്ടില്ലെന്ന് സെക്രട്ടറി ബി. ശ്രീകുമാര്‍ പറഞ്ഞു. ആകെയുള്ള സെക്യൂരിറ്റി പ്രായമായ രണ്ട് ജീവനക്കാരുടേതാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും മറ്റും നോക്കലാണ് ഇവരുടെ ചുമതല. ഇവര്‍ക്ക് നേരെയും പലപ്പോഴും മദ്യപരുടെയും മറ്റം കടന്നുകയറ്റം ഉണ്ടാകാറുണ്ട്.

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞാല്‍ ഉടന്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയമിക്കാമെന്ന് റൂറല്‍ എസ്.പി. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് ഉറപ്പ് നല്‍കിയതായാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. അത്യാഹിത വിഭാഗത്തിന് പുറത്ത് പണിത ചെറിയ കാബിന്‍ പൊളിച്ചുമാറ്റാനുള്ള ആലോചനയിലാണ്. കൂടുതല്‍ വലിപ്പത്തില്‍ അകത്ത് പുതിയ കാബിന്‍ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാതില്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

ആശുപത്രി മുറ്റം മുഴുവന്‍ ടൈല്‍ ഇടാന്‍ ലക്ഷങ്ങളുടെ ഫണ്ട് മുടക്കുമ്പോള്‍, അത്യാഹിത വിഭാഗത്തില്‍ ഒരു വാതില്‍ സ്ഥാപിക്കണമെന്നു പറഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ക്ക് മറുപടിയില്ല.


ഡോക്ടര്‍മാരുടെ കുറവ്

ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് ഇതുവരെ പരിഹരിച്ചിട്ടില്ല. പ്രതിവര്‍ഷം ഒന്നര ലക്ഷം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ 15 ഡോക്ടര്‍മാരാണ് ഉള്ളത്. 11 പേര്‍ വിവിധ വിഭാഗത്തിലും നാലുപേര്‍ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുമാണ്.

തൊട്ടടുത്ത മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ 46 ഡോക്ടര്‍മാരുടെ സേവനമുണ്ട്. ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ജോലി ഭാരമാണ് അനുഭവപ്പെടുന്നതെന്ന് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.ബി. വിന്‍സന്റ് പറഞ്ഞു. സുരക്ഷിതമായി ജോലിചെയ്യാന്‍ സാധിക്കുന്നില്ലെന്നും പോലീസിന്റെ ഭാഗത്തു നിന്ന് പലപ്പോഴും നിസ്സകരണമാണ് ലഭിക്കുന്നതെന്നും ഡോ. വിന്‍സന്റ് പറഞ്ഞു.

സജ്ജീകരണങ്ങള്‍ പലതുമില്ല

ആശുപത്രിയില്‍ അത്യാവശ്യം വേണ്ട സജ്ജീകരണങ്ങള്‍ പോലുമില്ലെന്നതാണ് സ്ഥിതി. സി.സി.ടി.വി.യും എയ്ഡ് പോസ്റ്റും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരും ജീവനക്കാരും സമരം ചെയ്തപ്പോള്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. അതുപോലെ, അത്യാവശ്യ സന്ദര്‍ഭത്തില്‍ വാര്‍ഡുകള്‍ തമ്മില്‍ ബന്ധപ്പെടാനുള്ള ടെലിഫോണ്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. വാര്‍ഡിലെ രോഗിക്ക് അത്യാവശ്യ സമയത്ത് അത്യാഹിത വിഭാഗവുമായി ബന്ധപ്പെടണമെങ്കില്‍ ഓടണം. എന്തെങ്കിലും അത്യാവശ്യ കാര്യം ഡ്യൂട്ടി ഡോക്ടറെയും മറ്റും അറിയിക്കാനും സൗകര്യങ്ങളില്ല.