കോതമംഗലം: ഉള്‍നാടന്‍ ജലാശയങ്ങളിലൂടെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കാനും സമഗ്ര മത്സ്യകൃഷി പദ്ധതിക്കുമായി നൂറ് കോടി മത്സ്യവിത്ത് ഉത്പാദിപ്പിക്കാന്‍ സൗകര്യമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യവിത്ത് ഉത്പാദന കേന്ദ്രത്തിന് (ഹാച്ചറി) കീരമ്പാറ പഞ്ചായത്തിലെ കൂരുകുളത്ത് തുടക്കം.
മൂന്ന്ഘട്ടങ്ങളിലായി 50 ഏക്കര്‍ സ്ഥലത്ത് നടത്തുന്ന ബൃഹത് പദ്ധതിയുടെ ഒന്നാംഘട്ടമാണ് പൂര്‍ത്തിയായത്. 24 പേര്‍ക്ക് പ്രത്യക്ഷമായും നൂറകണക്കിന് ആളുകള്‍ക്ക് പരോക്ഷമായും പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും. പുന്നേക്കാട് അരുണോദയം ഹാളില്‍ നടന്ന പരിപാടി മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മത്സ്യത്തീറ്റ ഫാക്ടറിയും അക്വാ ടൂറിസം പദ്ധതിയും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. റബ്ബര്‍ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പാറമടകള്‍, കുളങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തിയും കൂടുകൃഷിയിലൂടെയും മത്സ്യകൃഷി വ്യാപിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കൃഷിക്കാര്‍ക്ക് കൂടുതല്‍ വില കിട്ടുന്നതും ഔഷധഗുണമുള്ളതുമായ വരാല്‍ പോലുള്ള തദ്ദേശീയമായ മത്സ്യവിത്തുകള്‍ കൂടുതല്‍ ഉത്പാദിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കും. വരും വര്‍ഷങ്ങളില്‍ മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്ത നേടുമെന്നും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്നും ബാബു പറഞ്ഞു.
ടി.യു. കുരുവിള എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോള്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി (ഫിര്‍മ) എക്‌സി. ഡയറക്ടര്‍ പി. സഹദേവന്‍ സ്വാഗതവും ഫിഷറീസ് മധ്യമേഖലാ ജോ. ഡയറക്ടര്‍ കെ.ജെ. പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു. 6.05 കോടി ചെലവില്‍ മൂന്ന് ഏക്കറിലാണ് ആദ്യഘട്ടം പൂര്‍ത്തിയായിരിക്കുന്നത്. ഫിഷറീസ് വകുപ്പ്, രാഷ്ട്രീയ കൃഷിവികാസ് യോജന, ജില്ലാ പഞ്ചായത്ത് എന്നിവയുടെ ധനസഹായത്തോടെ നടപ്പാക്കിയ പദ്ധതിയുടെ നിര്‍മാണ ചുമതല തീരദേശ വികസന കോര്‍പ്പറേഷനായിരുന്നു.


57


ചിത്രം(ഫയല്‍ നമ്പര്‍-കൂരുകുളം ഹാച്ചറി)
കീരമ്പാറ പഞ്ചായത്തിലെ കൂരുകുളത്ത് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി ആരംഭിച്ച മത്സ്യവിത്ത് ഉത്പാദന കേന്ദ്രം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു