കോതമംഗലം: നേര്യമംഗലം ഭാഗത്ത് പെരിയാറിലെ വെള്ളത്തിന്റെ നിറവ്യത്യാസം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ഭൂതത്താന്‍കെട്ട് ബാരേജില്‍ ഷട്ടര്‍ വീഴുന്നതോടെ പെരിയാറിലേക്കുള്ള ഒഴുക്ക് നിലക്കും. പെരിയാറിനെ സമൃദ്ധമാക്കുന്നത് പൂയംകുട്ടിയാറും ഇടമലയാറുമാണ്. ബാരേജില്‍ നിന്ന് ഉദ്ദേശം 15 കിലോമീറ്ററിലേറെ ദൂരം നേര്യമംഗലം-മണിയന്‍പാറ വരെ നീണ്ടുകിടക്കുന്നതാണ് പുഴ. ആവോലിച്ചാല്‍ മുതല്‍ മണിയന്‍പാറ വരെയുള്ള ഭാഗത്താണ് പുഴയിലെ വെള്ളത്തിന് നിറവ്യത്യാസം. ഇവിടെ കുളിച്ചവര്‍ക്ക് ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലും ഈ പ്രതിഭാസം പെരിയാറില്‍ ഉണ്ടായിട്ടുണ്ട്. പതിനായിരങ്ങള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന പുഴയിലെ മലിനീകരണത്തിന്റെ കാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല.

ഒരാഴ്ചയായി തവിട്ടുനിറമാണ്
 
കാട്ടില്‍നിന്ന് ഒഴുകിയെത്തുന്ന, പനിനീര്‍പോലെ തെളിഞ്ഞ ശുദ്ധജലമാണ് പെരിയാറിലുണ്ടാകേണ്ടത്. ഒരാഴ്ചയായി ഇളം തവിട്ടുനിറമാണ് വെള്ളത്തിന്. ദുര്‍ഗന്ധവും വഴുവഴുപ്പുമുണ്ട്. ചിലഭാഗത്ത് എണ്ണപ്പാടയും തവിട്ടുനിറവും. തൊടാന്‍ അറപ്പുതോന്നും. ഒട്ടേറെപ്പേര്‍ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന കടവുകള്‍ പലതും ഇപ്പോള്‍ ശൂന്യമാണ്. നേര്യമംഗലത്തെയും മണിയന്‍പാറയിലേയും ഉള്‍പ്പെടെ നിരവധി കടവുകളില്‍ കുളിക്കാന്‍ ഇറങ്ങിയാല്‍ ചൊറിച്ചിലും ദേഹത്ത് ഒട്ടലും ഉണ്ടാകുന്നതാണ് കാരണം. ഇവിടെ ഇപ്പോള്‍ നാട്ടുകാരാരും കുളിക്കാനോ അലക്കാനോ ഇറങ്ങാറില്ല. പെരിയാറിലെ നിരവധി കുടിവെള്ള പദ്ധതികള്‍ക്കും മലിനീകരണം ഭീഷണിയാണ്.

ശാസ്ത്രീയ പരിശോധന വേണം

ഭൂതത്താന്‍കെട്ട് ബാരേജ് അടച്ചതോടെ ഒഴുക്ക് കുറഞ്ഞപ്പോഴാണ് ജലം ഇത്രയേറെ മലിനീകരിക്കപ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളത്തില്‍ മുക്കുന്ന തുണികളില്‍ അഴുക്ക് പറ്റിപ്പിടിക്കുകയാണ്. വെള്ളവസ്ത്രം മുക്കിയാല്‍ നിറവ്യത്യാസം വ്യക്തമാകും. ഉണങ്ങിക്കഴിയുമ്പോള്‍ തുണി പശയില്‍ മുക്കിയതു പോലെയാകും.

നേര്യമംഗലത്തിന് മുകളില്‍ ലോവര്‍ പെരിയാര്‍ വൈദ്യുത പദ്ധതിയില്‍ നിന്ന് രാത്രികാലത്ത് നാമമാത്രമായാണ്, ഉത്പാദനം കഴിഞ്ഞ് വെള്ളം ഒഴുകിയെത്തുന്നത്.

ഏതെങ്കിലും വിധത്തിലുള്ള രാസപദാര്‍ത്ഥം കലര്‍ന്നിട്ടുണ്ടോയെന്ന് വിദഗ്ദ്ധ സംഘമെത്തി പരിശോധിച്ച് ജനങ്ങളുടെ ആശങ്ക മാറ്റണമെന്ന ആവശ്യം ശക്തമാണ്. പുഴയിലും ഇരു കരഭാഗത്തും വിശദമായ പരിശോധന നടത്തിയാലേ മാലിന്യത്തോത് വ്യക്തമാകുകയുള്ളു.

നാട്ടുകാരുടെ പരാതി ഏറുമ്പോള്‍ ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും നദിയില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച്, ലാബ് പരിശോധയില്‍ കുഴപ്പമില്ല എന്ന മറുപടിയും നല്‍കും. ഇതോടെ ബഹളവും സമരവും എല്ലാം അവസാനിക്കും. മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താനോ മലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനോ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ശാസ്ത്രീയ പരിശോധന നടത്തി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരാതി കിട്ടിയിട്ടില്ലെന്ന്

പെരിയാറിലെ വെള്ളത്തിന്റെ നിറവ്യത്യാസവുമായി ബന്ധപ്പെട്ട് ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞവര്‍ഷം ഇതേപ്രശ്‌നം ഉണ്ടായപ്പോള്‍ നിറവ്യത്യാസം കണ്ട ഭാഗത്തെ വെള്ളമെടുത്ത് കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയില്‍ വര്‍ധിച്ച മാലിന്യത്തോത് കണ്ടെത്തിയില്ല.- ആരോഗ്യവകുപ്പ് അധികൃതര്‍.