കൂത്താട്ടുകുളം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കാക്കൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ഐ.ടി. പാര്‍ക്കായ പിറവം ടെക്‌നോ ലോഡ്ജില്‍ സൈബര്‍ സെക്യൂരിറ്റി ലാബ് പ്രവര്‍ത്തനം തുടങ്ങുന്നു.

സൈബര്‍ ആക്രമണങ്ങളില്‍നിന്ന് സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുകയാണ് സെക്യൂരിറ്റി ലാബിന്റെ പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കുന്നതെന്ന് ടെക്‌നോ ലോഡ്ജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 27 ന് രാവിലെ പത്തിന് അനൂപ് ജേക്കബ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍. വിജയന്‍ അധ്യക്ഷനാകും. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.എന്‍. സുഗതന്‍ നിര്‍വഹിക്കും. മുന്‍ എം.എല്‍.എ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.

സൈബര്‍ സെക്യൂരിറ്റിയില്‍ പ്രാവീണ്യം നേടിയ ഉദ്യോഗാര്‍ഥികളെ വിവിധ കമ്പനികള്‍ക്ക് ആവശ്യമുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൈബര്‍ സെക്യൂരിറ്റിയിലുള്ള പരിശീലനം ടെക്‌നോ ലോഡ്ജില്‍ നിന്ന് ലഭ്യമാകും. ആദ്യബാച്ച് നവംബര്‍ ഒന്നിന് ആരംഭിക്കും.

ഇന്‍ഫര്‍മേഷന്‍, സെക്യൂരിറ്റി, ഫൊറന്‍സിക് മേഖലകളിലുള്ള കോഴ്‌സുകളും ഇവിടെ തുടങ്ങും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും നിയമാനുസൃത ഫീസിളവിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്കും ബി.പി.എല്‍. കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇരുപത് ശതമാനം ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പിറവം കൂത്താട്ടുകുളം റോഡില്‍ കാക്കൂരിലുള്ള ടെക്‌നോ ലോഡ്ജുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് ടെക്‌നോ ലോഡ്ജ് ഭാരവാഹികളായ ബീമോള്‍, അഞ്ജു അനില്‍, അജി എബ്രഹാം, എന്‍.ടി. ബൈജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫോണ്‍: 2272816.