കൂത്താട്ടുകുളം: വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കൂത്താട്ടുകുളത്തെ വൈദ്യുതിഭവന്‍ മന്ദിരം പൂര്‍ത്തിയാകുകയാണ്. കൂത്താട്ടുകുളത്ത് കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്‍, ക്വാര്‍േട്ടഴ്‌സുകള്‍ എന്നിവ സ്ഥിതിചെയുന്ന മൂന്നര ഏക്കര്‍ സ്ഥലത്താണ് കെ.എസ്.ഇ.ബി.യുടെ. വൈദ്യുതിഭവന്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വൈദ്യുതി ഓഫീസില്‍ സ്ഥലപരിമിതി ഏറെയായിരുന്നു. വൈദ്യുതി സംബന്ധമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും ശേഖരിക്കാനും സൂക്ഷിക്കാനും ഇവിടെ സ്ഥലം തികയാത്തതിനാല്‍ കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്‍ ക്വാര്‍േട്ടഴ്‌സ് ഭാഗത്താണ് സാധനങ്ങള്‍ ഇട്ടിരിക്കുന്നത്.

കെട്ടിട ഉടമ, കെട്ടിടം ഒഴിവാകണമെന്ന ആവശ്യം പലപ്രാവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, പൊതുമരാമത്ത് വകുപ്പിന്റെ നിരക്കില്‍ മറ്റൊരു കെട്ടിടം കിട്ടാത്തതു കാരണം ഓഫീസ് ഇവിടെ തന്നെ പ്രവര്‍ത്തിക്കുകയാണ്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് നിലവിലുള്ള ഓഫീസില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു.

കെ.എസ്.ഇ.ബി. വക സബ്‌സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോടു ചേര്‍ന്ന് കെ.എസ്.ഇ. ബി. ഓഫീസും നിര്‍മിക്കുന്നത് രണ്ടു സ്ഥാപനങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ എളുപ്പമാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കെ.എസ്.ഇ.ബി. അസി. എന്‍ജിനീയര്‍ അനൂപിന്റെ നേതൃത്വത്തില്‍ വൈദ്യുതിഭവന്‍ നിര്‍മിക്കുന്നതിനുള്ള രൂപരേഖ തയാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു.

ചുവരുകള്‍ നിര്‍മിച്ചിരിക്കുന്നത് പ്രത്യേകതരം മര സാധനങ്ങള്‍ കൊണ്ടാണ്. വയറിങ്, പ്ലമ്പിങ്, തറയില്‍ ടൈല്‍ വിരിക്കല്‍ എന്നീ ജോലികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.