കൂത്താട്ടുകുളം: സ്വന്തമായി സ്ഥലമുള്ള എല്ലാ കുടുംബങ്ങള്‍ക്കും സാമ്പത്തിക വര്‍ഷത്തില്‍ വീട് നിര്‍മിച്ചു നല്‍കാന്‍ ലക്ഷ്യമിട്ട് കൂത്താട്ടുകുളം നഗരസഭാ ബജറ്റ്. നഗരസഭാ വിഹിതമായി മുപ്പത് ലക്ഷം രൂപ ഇതിന് വകയിരുത്തി. ഭവന പദ്ധതിക്ക് മുന്‍ സാമ്പത്തിക വര്‍ഷത്തെ ബാക്കി ഉള്‍പ്പെടെ 1.93 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിക്കായി 2.77 കോടി, ഓണംകുന്ന് ടി.ബി.റോഡ് ബൈപ്പാസ് ഒരു കോടി, ഗവ. ആശുപത്രി വാര്‍ഡ് 60 ലക്ഷം, വടകര ഗവ. സ്‌കൂള്‍ ആറ് ലക്ഷം, രാമന്‍ചിറത്തോട് പുനരുദ്ധാരണത്തിനും ഷട്ടര്‍ നിര്‍മാണത്തിനും ഒന്‍പത് ലക്ഷം, കീരുകുന്ന് വടക്കേക്കര കുടിവെള്ള പദ്ധതി 24 ലക്ഷം, മാര്‍ക്കറ്റ് സോളാര്‍ വൈദ്യുതീകരണത്തിന് 24 ലക്ഷം, തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ഒന്നര ലക്ഷം എന്നിങ്ങനെ തുക അനുവദിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കാരിബാഗുകളുടെ നിലവിലുള്ള നിരോധനം കര്‍ശനമാക്കും.

ഡമ്പിങ് യാര്‍ഡില്‍ മാലിന്യം നീക്കം ചെയ്യുന്നതനുസരിച്ച് പുതിയ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കും. നഗരസഭാ ഓഫീസിനായി പുതിയ മന്ദിരം നിര്‍മിക്കുന്നതിന് ആറ് കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിന്നുള്ള ഗ്രാന്‍ഡിനായി കാത്തിരിക്കുന്നു. വയോമിത്രം, ശരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപകരണ വിതരണം, വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍, സൗരോര്‍ജ ലൈറ്റുകള്‍ സ്ഥാപിക്കല്‍, നഗര സൗന്ദര്യവത്കരണം എന്നിവയ്ക്കായും തുക അനുവദിച്ചിട്ടുണ്ട്.

19,18,69,752 രൂപ വരവും 1,90,75,950 രൂപ ചെലവും, 27,93,802 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഓമന ബേബി ബഡ്ജറ്റ് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ ബിജു ജോണ്‍ അധ്യക്ഷനായി. സി.എന്‍. പ്രഭ കുമാര്‍, സി.വി. ബേബി, സണ്ണി കുര്യാക്കോസ്, ഓമന മണിയന്‍, വത്സ ബേബി, എന്നിവര്‍ സംസാരിച്ചു.സമഗ്ര മേഖലകളേയും സ്​പര്‍ശിക്കുന്ന ബജറ്റ് -യു.ഡി.എഫ്.

സമഗ്ര മേഖലകളേയും സ്​പര്‍ശിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് യു.ഡി.എഫ്.കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കാര്‍ഷികമേഖലയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും പ്രത്യേക പരിഗണന ബഡ്ജറ്റില്‍ നല്‍കുന്നുണ്ടെന്ന് യു.ഡി.എഫ്. കൗണ്‍സിലര്‍മാരായ പി.സി. ജോസ്, പ്രിന്‍സ് പോള്‍ ജോണ്‍ എന്നിവര്‍ പറഞ്ഞു.

തനത് പദ്ധതികളൊന്നുമില്ല - പ്രതിപക്ഷം

രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ എവിടെ എത്തിയെന്ന് പറയാനോ, തനത് പദ്ധതികള്‍ അവതരിപ്പിക്കാനോ ബജറ്റിലൂടെ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖല അവഗണിക്കപ്പെട്ടു. തനത് ഫണ്ട് കണ്ടെത്താന്‍ ഒരു ശ്രമവും നഗരസഭ നടത്തിയിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കാനോ നിയമലംഘനങ്ങള്‍ പിടികൂടാനോ, ലൈസന്‍സ് ഇല്ലാത്ത കച്ചവടം അവസാനിപ്പിക്കനോ നഗരസഭയ്ക്ക് ആയിട്ടില്ല.

സാധാരണക്കാരുടെ ക്ഷേമപദ്ധതികളെയാണ് ഇത് ബാധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് സി.എന്‍. പ്രഭകുമാര്‍, സണ്ണി കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.