കൊച്ചി: പ്രതികരിക്കുന്നവരെ മുഴുവന്‍ സംഘപരിവാറുകാരാക്കുന്ന സ്ഥിതിയിലൂടെയാണ് നാട് പോകുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഹിന്ദു ഐക്യവേദി ജില്ലാ സമിതി എറണാകുളം ടൗണ്‍ ഹാളിലൊരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വോട്ടിനു വേണ്ടി മതമൗലികവാദികളുടെ തെമ്മാടിത്തരത്തിനെല്ലാം വളം വെച്ചുകൊടുക്കുകയാണ് ഇടതു-വലതു പക്ഷങ്ങള്‍. മഅദനിക്കെതിരായ തീവ്രവാദ കേസുകള്‍ പിന്‍വലിച്ചു കൊടുത്ത നാടാണ് കേരളം. പാകിസ്ഥാനിലെയും കാശ്മീരിലെയും സാഹചര്യം കേരളത്തിലും ഉണ്ടാകും. കേരളം ഭാരതത്തിന്റെ ഭാഗമായി തന്നെ നില്‍ക്കണം. മറ്റൊരു സൊമാലിയയോ അഫ്ഗാനിസ്ഥാനോ ആയി മാറരുത്. മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചാല്‍ മതാധിപത്യം വളരും എന്നും അവര്‍ പറഞ്ഞു.

മുന്‍ ഡി.ജി.പി. സെന്‍സസിന്റെ കാര്യം പറഞ്ഞപ്പോള്‍ കേസെടുത്ത് ആ ചര്‍ച്ച അവിടെ വെച്ച് ഇല്ലാതാക്കുകയാണ് ചെയ്തത്. ചര്‍ച്ച ചെയ്ത് ഉള്ളറകളിലേക്ക് പോകരുതെന്നാണ് ചിലരുടെ ആവശ്യം. ആതിരയുടെ കാര്യം വന്നപ്പോള്‍ വനിത കമ്മിഷന്‍ സുപ്രീം കോടതിയില്‍ പോകാനൊരുങ്ങുകയാണ്. എന്നാല്‍ നിമിഷയുടെ അമ്മ വിവിധ കമ്മിഷനുകളെ സമീപിച്ചിരുന്നുവെന്നും എന്നാല്‍, എല്ലാ വാതിലുകളും ഇവരുടെ മുന്നില്‍ കൊട്ടിയടയ്ക്കുകയായിരുന്നു.

വി.ഡി. സതീശന്‍ എം.എല്‍.എ. മലയാളം അറിയാത്ത ഉണ്ണാക്കനാണെന്ന് തെളിയിച്ചു. പണവും പദവിയും കിട്ടാനായി എഴുത്തുകാര്‍ തൂലിക പണയം വെയ്ക്കുകയാണ്. എന്നാല്‍ നാവ് പണയം വെയ്ക്കാത്തവരുടെ എണ്ണം ഇന്ന് വര്‍ദ്ധിക്കുന്നുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വീകരണ യോഗം മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. രാജന്‍ ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ മാഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, വി.എച്ച്.പി. സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.