കൊച്ചി: വനിതാ ദിനമായ വ്യാഴാഴ്ച ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത് വനിതാ ജീവനക്കാര്‍. ടെക്‌നിക്കല്‍ ജീവനക്കാര്‍ മുതല്‍ സെക്യൂരിറ്റി ജോലിയില്‍ വരെ സ്ത്രീകള്‍ മാത്രം. ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഫീഡിങ് റൂമും നാപ്കിന്‍ വെന്‍ഡിങ് മെഷിനും കെ.എം.ആര്‍.എല്‍. എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. വനിതാ ദിനത്തിന്റെ ഭാഗമായി കെ.എം.ആര്‍.എല്‍. കൂട്ടായ്മയുടെ നേതൃത്വത്തില്‍ കളരിപ്പയറ്റ് വിദഗ്ദ്ധ മീനാക്ഷിയമ്മയുമായി സംവാദം സംഘടിപ്പിച്ചു.

കളരിയിലൂടെ നാം സ്വായത്തമാക്കുന്നത് ക്ഷമയുടെ പാഠങ്ങള്‍ കൂടിയാണെന്ന് മീനാക്ഷിയമ്മ പറഞ്ഞു. തന്റെ പദ്മശ്രീ നേട്ടങ്ങളടക്കം ഭര്‍ത്താവിന്റെ പരിശ്രമങ്ങളുടെയും കര്‍മത്തിന്റെയും ഫലമാണെന്ന് അവര്‍ പറഞ്ഞു. കളരിപ്പയറ്റിലെ ചില മുറകള്‍ അവര്‍ കെ.എം.ആര്‍.എല്‍. ജീവനക്കാര്‍ക്കായി അവതരിപ്പിച്ചു.

വനിതകള്‍ കളരിപ്പയറ്റ് പഠിച്ചിരിക്കണമെന്നും മീനാക്ഷിയമ്മ പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ പരിപാടികളാണ് കെ.എം.ആര്‍.എല്‍. സംഘടിപ്പിച്ചിരിക്കുന്നത്.