metroകൊച്ചി : മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള ഭാഗത്ത് കൊച്ചി മെട്രോയുടെ സിവില്‍ നിര്‍മാണ ജോലികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. സ്ഥലമെടുപ്പ് കഴിഞ്ഞതോടെ നിര്‍മാണത്തിനും വേഗം കൂടിയിട്ടുണ്ട്. തൈക്കൂടം മുതല്‍ പേട്ട വരെയുള്ള സ്ഥലം അടുത്തിടെയാണ് കൈമാറിയത്.

മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് തൈക്കൂടം വരെ അഞ്ചു സ്റ്റേഷനുകളാണുള്ളത്. സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം. തൈക്കൂടം വരെ അടുത്ത വര്‍ഷം പകുതിയോടെ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പേട്ട വരെയുള്ള നിര്‍മാണവും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥലം കിട്ടാന്‍ വൈകിയത് മൂലമുള്ള പ്രശ്‌നങ്ങള്‍ പേട്ട ഭാഗത്തുണ്ട്.

സിവില്‍ ജോലികള്‍ പൂര്‍ത്തിയായാലേ ട്രാക്കിടല്‍ ജോലികള്‍ ആരംഭിക്കാനാകൂ. പാളത്തിന്റെ വൈദ്യുതീകരണമെല്ലാം ഉള്‍പ്പെടെയാണിത്. വൈറ്റിലയിലെ നിര്‍മാണവും ചമ്പക്കര പാലത്തിന്റെ പുനര്‍നിര്‍മാണവുമാണ് ഈ മേഖലയിലെ വെല്ലുവിളികള്‍.

നഗരത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലൊന്നാണ് വൈറ്റില. ഇടപ്പള്ളി ജങ്ഷനിലെ മാതൃകയാണ് വൈറ്റിലയില്‍ പിന്തുടരുകയെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗത നിയന്ത്രണമുള്‍പ്പെടെയുള്ള വെല്ലുവിളികള്‍ ഇവിടെ നേരിടുന്നുണ്ട്.

നോര്‍ത്ത് മേല്‍പ്പാലത്തിന്റെ മാതൃകയിലാണ് ചമ്പക്കരയിലെ പാലം നിര്‍മാണം. നാലുവരിയിലായിരിക്കും പാലം. പൈലിങ് ജോലികളെല്ലാം തുടങ്ങിയിട്ടുണ്ട്. പാലം പൂര്‍ണമായും പൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷം വേണം. പുതിയ പാലത്തിന്റെ ഒരു വശം പൂര്‍ത്തിയാക്കിയശേഷം പഴയ പാലം പൊളിക്കും. പാലത്തിന്റെ നടുവിലൂടെയാണ് മെട്രോ കടന്നുപോകുക.

തൈക്കൂടത്തുനിന്ന് പേട്ടയിലേക്ക് ഒരു സ്റ്റേഷന്‍ മാത്രമേയുള്ളൂ. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ പേട്ട വരെയുള്ള ഭാഗത്ത് സ്റ്റേഷനുകളുടെ നിര്‍മാണവും തുടങ്ങിയതായി ഡി.എം.ആര്‍.സി. അധികൃതര്‍ പറഞ്ഞു. ഗ്രൗണ്ട് മുതല്‍ പേട്ട വരെ ദൂരം ഏഴു കിലോമീറ്റര്‍ വരും.

തൃപ്പൂണിത്തുറയിലേക്കുള്ള നിര്‍മാണത്തിന് ഇതുവരെ ഒരുക്കങ്ങളൊന്നുമായിട്ടില്ല. പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറ എസ്.എന്‍. കവലയിലേക്കും അവിടെ നിന്ന് തൃപ്പൂണിത്തുറ റെയില്‍വേസ്റ്റേഷന്‍ വരെയും മെട്രോ നീട്ടാന്‍ പദ്ധതിയുണ്ട്. പേട്ട - തൃപ്പൂണിത്തുറ രണ്ടു കിലോമീറ്ററാണ്. അലയന്‍സ് ജങ്ഷന്‍, എസ്.എന്‍. ജങ്ഷന്‍ എന്നിങ്ങനെ രണ്ടു സ്റ്റേഷനുകള്‍ വരും.

എസ്.എന്‍. ജങ്ഷനില്‍ നിന്നു തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലേക്ക് നീട്ടാനാണ് നീക്കം. ഇതിന് അന്തിമ രൂപരേഖയൊന്നുമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.