ആലുവ: മെട്രോയിലൂടെ പരിഷ്‌കാരിയാകാനൊരുങ്ങുമ്പോഴും ആലുവയുടെ റോഡരികില്‍ മാലിന്യക്കൂമ്പാരം നാണക്കേടുണ്ടാക്കുന്നു. ഒരിടവേളക്ക് ശേഷം ബൈപ്പാസ് മേല്‍പ്പാലത്തിനു കീഴെയുള്ള അടിപ്പാതകളില്‍ മാലിന്യം നിറയുകയാണ്. മെട്രോ റെയിലിന്റെ ആദ്യ സ്റ്റേഷന് മീറ്ററുകള്‍ക്ക് സമീപമാണിത്. നഗരത്തിലെ പ്രധാന ഭാഗം മാലിന്യത്തില്‍ മുങ്ങിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തുനിയുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

നഗരത്തില്‍ മാലിന്യം തള്ളാനുള്ള സുരക്ഷിത സ്ഥലമായാണ് ബൈപ്പാസ് മേല്‍പ്പാലത്തിന് കീഴിലെ അടിപ്പാതകളെ പലരും കണക്കാക്കുന്നത്. നഗരസഭയുടെ അശ്രദ്ധയും അനാസ്ഥയും ഇതിന് സഹായകമാവുകയാണ്.

നഗരത്തില്‍ മാര്‍ക്കറ്റിന് പുറമെ വ്യാപകമായി മാലിന്യം തള്ളാനുള്ള സുരക്ഷിത സ്ഥലമായി മാറിയിരിക്കുകയാണ് ഈ അടിപ്പാതകള്‍. മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് കിടക്കുന്നതിനാല്‍ രോഗങ്ങള്‍ പടരാനുള്ള സാധ്യതയുമുണ്ട്.

പാലത്തിനടിയില്‍ നിരവധി ചെറു റോഡുകള്‍ ഉണ്ട്. ഇതില്‍ തിരക്ക് കുറഞ്ഞ വഴികളിലാണ് മാലിന്യങ്ങള്‍ കൊണ്ടിടുന്നത്. നഗരസഭ വരെ ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നതായി ആരോപണമുണ്ട്.
വഴികള്‍ക്ക് പുറമേ, വഴികളുടെ ഇടയിലുള്ള ഉയര്‍ന്ന ഭാഗങ്ങള്‍, കാനകള്‍ എന്നിവിടങ്ങളിലും മാലിന്യം തള്ളുന്നുണ്ട്. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ മുതല്‍ പല ഭാഗങ്ങളില്‍ നിന്നുള്ള അറവ് മാലിന്യങ്ങള്‍ വരെ ഇവിടെ കൊണ്ടിടുന്നു.

മാലിന്യം ചീഞ്ഞളിഞ്ഞ് രൂക്ഷമായ ദുര്‍ഗന്ധമാണിവിടെ. കാനകളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നത് വെള്ളക്കെട്ടിനും ഇടയാക്കിയിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ പല കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചെറിയ രീതിയില്‍ മാലിന്യം നീക്കി. എന്നാല്‍ നീക്കിയ മാലിന്യത്തേക്കാള്‍ ഇരട്ടിയിലധികമാണ് ഇവിടെ നിറയുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് മാലിന്യം കൊണ്ടിടുന്നത്.