കൊച്ചി: മത്സ്യ സമ്പന്നമായ നമ്മുടെ കടലുകളെ വിദേശ ശക്തികള്‍ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടികളെ അംഗീകരിക്കാനാവില്ലെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ.
ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീനാകുമാരി റിപ്പോര്‍ട്ടിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ മുന്‍പന്തിയില്‍ നിന്ന സംസ്ഥാനമാണ് കേരളം. പ്രക്ഷോഭത്തെത്തുടര്‍ന്ന് മീനാകുമാരി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചെങ്കിലും വിദേശ കപ്പലുകള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുകയാണ്. ഈ ലക്ഷ്യത്തോടെയാണ് ഡോ. എസ്. അയ്യപ്പന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയും നിയോഗിച്ചിരിക്കുന്നത്. കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങളില്‍ കാതലായ മാറ്റം വരുത്തണം.
സംസ്ഥാന ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി. ദിനകരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ അഡ്വ. വി.വി. ശശീന്ദ്രന്‍, ജില്ലാ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്, പി.പി. ജോണ്‍, ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍, കുമ്പളം രാജപ്പന്‍, എം. പോള്‍, അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, എം.എന്‍. ശിവദാസന്‍. കെ.ഒ. ആന്റണി, ജി.ബി. ഭട്ട്, കെ.സി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. 18 ന് കേന്ദ്ര ഫിഷറീസ് നയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഏകദിന ശില്പശാലയും നടക്കും.