കൊച്ചി: കലൂര്‍ ദേശാഭിമാനി ജങ്ഷന് സമീപം സിന്‍ഡിക്കേറ്റ് ബാങ്കിന് തീപിടിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. മാനേജറുടെ ക്യാബിന്‍ ഭാഗികമായി കത്തിനശിച്ചു. എ.സി, ബാങ്ക് രേഖകള്‍, കംപ്യൂട്ടര്‍, സി.സി.ടി.വി. ക്യാമറ, ഫര്‍ണിച്ചര്‍ തുടങ്ങിയവയും കത്തിനശിച്ചു.

ബാങ്കിന്റെ എ.ടി.എം. കൗണ്ടറിന് കേടുപാടുകളില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കില്‍ നിന്ന് പുകയുയരുന്നതുകണ്ട് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കറന്‍സി ചെസ്റ്റിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന എസ്.ഐ.എസ.്എഫി.ലെ (സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) മനേഷ്, ഷെഫീഖ്, ബാലു, ഷിനാസ് എന്നിവര്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നോര്‍ത്ത് എസ്.ഐ. വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം ചേര്‍ന്ന് തീകെടുത്തുവാന്‍ ശ്രമിച്ചു. അല്‍പ്പസമയത്തിനകം ഗാന്ധിനഗര്‍ ഫയര്‍‌സ്റ്റേഷനിലെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി ഒരു മണിക്കൂറിനകം തീ പൂര്‍ണമായും കെടുത്തി. ഗാന്ധിനഗര്‍ ഫയര്‍‌സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. സുരേഷ്, ലീഡിങ് ഫയര്‍മാന്‍ കെ.പി. മോഹനന്‍, വിനുരാജ്, അനില്‍, സുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.