കൊച്ചി: ചൂടെത്തിയതോടെ നഗരം ദാഹിച്ചുതുടങ്ങി. സര്‍വത്ര വെള്ളമുള്ള നാട്ടില്‍, കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള പ്രശ്‌നം രൂക്ഷമാകുകയാണ്.

വടുതല, പച്ചാളം, ചേരാനെല്ലൂര്‍, മുളവുകാട് തുടങ്ങിയ ഭാഗങ്ങളില്‍ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുകയാണ്. പൈപ്പ് പൊട്ടുന്നതും കുടിവെള്ളം മുടങ്ങുന്നതും പുത്തരിയല്ലാതായി. കാലങ്ങളായി ഇതുതന്നെയാണ് അവസ്ഥ. അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. കുടിവെള്ളത്തെപ്പറ്റി ചോദിച്ചാല്‍ നഗരസഭയ്ക്ക് പറയാനുള്ളത് നൂറു ന്യായങ്ങളാണ്. പൈപ്പുപൊട്ടുന്നത് പതിവായപ്പോള്‍ ഗത്യന്തരമില്ലാതെ സ്വകാര്യകമ്പനികളുടെ പക്കല്‍നിന്ന് വലിയ വിലകൊടുത്ത് വെള്ളം വാങ്ങുകയാണ് ജനങ്ങള്‍.
 
ജല അതോറിറ്റിയുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. നാട്ടുകാരുടെ പരാതികള്‍ക്ക് കൃത്യമായ പരിഹാരമില്ല. പൊട്ടുന്നത് പതിവാണെങ്കിലും ഈ പൈപ്പുകള്‍ എവിടെക്കൂടിയാണ് കടന്നുപോകുന്നതെന്നതിന് ആര്‍ക്കും നിശ്ചയമില്ല. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പൈപ്പുകളാണ് പൊട്ടുന്നത്. നഗരത്തിനു മുഴുവന്‍ വേണ്ടിവരുന്ന വെള്ളത്തിന്റെ പകുതി മാത്രമേ അതോറിറ്റിക്ക് നല്‍കാന്‍ സാധിക്കുന്നുള്ളു. ബാക്കി വെള്ളത്തിനു ജനങ്ങള്‍ സ്വകാര്യ കമ്പനികളെയാണ് ആശ്രയിക്കുന്നത്.

കുടിവെള്ളപ്രശ്‌നത്തെപ്പറ്റി ചോദിക്കുമ്പോള്‍ നഗരസഭയ്ക്കു പറയാനുള്ളതും പൈപ്പുപൊട്ടല്‍ കൊണ്ടുള്ള ബുദ്ധിമുട്ടാണ്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ. മിനിമോള്‍ പറയുന്നതിങ്ങനെ; ഒന്നിടവിട്ട ദിവസങ്ങളില്‍ നഗരത്തിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കാനായി സിറ്റി ബൂസ്റ്റിങ് ചെയ്യേണ്ടിവരും. കൂടുതല്‍ മര്‍ദത്തിലും അളവിലും വെള്ളം പമ്പ് ചെയ്യുമ്പോള്‍ കാലപ്പഴക്കംചെന്ന പൈപ്പുകള്‍ പൊട്ടുന്നു.
 
പല പൈപ്പുകളും പൊട്ടുന്ന സ്ഥാനം കണ്ടുപിടിക്കാനാവാത്തതുകൊണ്ട് വലിയൊരളവ് ജലം പാഴായിപ്പോകുന്നുമുണ്ട്. പൈപ്പ് പൊട്ടിയത് കണ്ടുപിടിച്ചാല്‍ അത് മാറ്റാനായി പമ്പിങ് നിര്‍ത്തി വയ്‌ക്കേണ്ടിവരുന്നതും കുടിവെള്ളം കിട്ടാത്തതിന് കാരണമാകുന്നുവെന്നും അവര്‍ പറഞ്ഞു. പൊട്ടിയ പൈപ്പുകള്‍ കണ്ടുപിടിക്കാനാവാതെവരുന്ന സാഹചര്യത്തില്‍ പുറമേനിന്നുള്ള വസ്തുക്കള്‍ പൈപ്പിനുള്ളില്‍ തടസ്സമുണ്ടാക്കും. അതു ചിലപ്പോള്‍ വെള്ളത്തിന്റെ നിറംമാറ്റത്തിന് കാരണമാകും.

പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കണം

നഗരത്തിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണാന്‍ പാതി നിന്നുകിടക്കുന്ന പദ്ധതികള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കുകയാണ് വേണ്ടത്. ജല അതോറിറ്റിയുടെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവും അനാസ്ഥയും പ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കുന്നുണ്ട് - ഹൈബി ഈഡന്‍ എം.എല്‍.എ.