കൊച്ചി: വൈറസ് രോഗം മൂലം പ്രതിസന്ധിയിലായ ചെമ്മീന്‍ കൃഷി സംരക്ഷിക്കാന്‍ ആഗോളതലത്തില്‍ ഗവേഷണ പദ്ധതി വരുന്നു. ചെമ്മീനുകളിലെ രോഗബാധ നിയന്ത്രിക്കുന്നതില്‍ വഴിത്തിരിവായേക്കാവുന്ന ആഗോള ഗവേഷണ സംരംഭമാണ് നാല് രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തുന്നത്. ഇതില്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പ്രധാന പങ്കാളിയാകും.
ഇന്ത്യ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളിലെ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഗവേഷണ പദ്ധതിയിലാണ് കുഫോസിനെ ഉള്‍പ്പെടുത്തിയത്.
ഫലപ്രദമായ രോഗ പരിപാലന മാതൃകകള്‍ വികസിപ്പിക്കുന്നതിലൂടെ ചെമ്മീന്‍ കൃഷി മേഖലയെ സംരക്ഷിക്കാന്‍ പദ്ധതി സഹായകരമാകുമെന്ന് കുഫോസ് പ്രോ-വൈസ് ചാന്‍സലറും പദ്ധതിയുടെ കുഫോസിലെ മുഖ്യ ഗവേഷകനുമായ ഡോ. കെ. പത്മകുമാര്‍ പറഞ്ഞു. സ്‌കൂള്‍ ഓഫ് അക്വാകള്‍ച്ചര്‍ ആന്‍ഡ് ബയോ ടെക്‌നോളജി ഡയറക്ടര്‍ ഡോ. എസ്. ശ്യാമയാണ് കുഫോസില്‍ പദ്ധതിയുടെ സഹ ഗവേഷക.