കൊച്ചി: വേമ്പനാട്ടുകായല്‍ നാള്‍ക്കുനാള്‍ ചുരുങ്ങി വരികയാണെന്നും പല സുപ്രധാന മത്സ്യ ഇനങ്ങളും ഇല്ലാതാകുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നും കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ്.
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) സംഘടിപ്പിച്ച തണ്ണീര്‍ത്തട സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായല്‍ത്തീരങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടല്‍ നശീകരണവും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ പാഴ്സ്ഥലങ്ങളാണെന്ന ധാരണ മാറ്റണം. ഇവ സംരക്ഷിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍ൈകയെടുക്കണമെന്നും സെമിനാറില്‍ സംസാരിച്ച വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
തീരദേശ സംരക്ഷണ നിയമം മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നതിന് കാരണമാകരുതെന്നും വിദഗ്ദ്ധര്‍ ഓര്‍മിപ്പിച്ചു.
പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. പ്രസാദ്, കോട്ടയം കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. സി.എന്‍. മോഹനന്‍, േദശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ.കെ. രാമചന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഡോ. കെ.വി. ജയചന്ദ്രന്‍, ഡോ. കെ. രഞ്ജിത്ത്, ഡോ. എസ്.എം. റാഫി തുടങ്ങിയവര്‍ സംസാരിച്ചു.