കൊച്ചി: പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ജനകീയ ഭവന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. മറ്റ് പല കാര്യങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം കൂടുതലാണെന്ന് മന്ത്രി പറഞ്ഞു.
ജന നന്മയ്ക്കായുള്ള ഇത്തരം സംരംഭങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതായും മന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷം കൊണ്ട് കേരളത്തിലെ 1,500 ദരിദ്ര കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പീപ്പിള്‍സ് ഹോം പദ്ധതി.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു.
ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളുമായി അഭിപ്രായ വ്യത്യാസം ഉണ്ട്. പക്ഷേ, അവരുടെ സമൂഹത്തിലെ ഇത്തരം ഇടപെടലുകള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്ന് എം.ഐ. ഷാനവാസ് എം.പി. പറഞ്ഞു.
ജമാ അെത്ത ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസ്സീസ് അധ്യക്ഷത വഹിച്ചു.
പദ്ധതിക്കായുള്ള ആദ്യ സംഭാവന പി.എച്ച്. അഷ്‌റഫില്‍ നിന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ ഏറ്റുവാങ്ങി. ലോഗോ പ്രകാശനം ഹൈബി ഈഡന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
കരാര്‍ പത്രം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സിദ്ധിഖ് രണ്ടത്താണിക്ക് കൈമാറി. പദ്ധതി പ്രൊമോ വീഡിയോ തെന്നിലാപുരം രാധാകൃഷ്ണനും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ബ്രോഷര്‍ പ്രകാശനം ജസ്റ്റിസ് പി.കെ. ഷംസുദ്ദീനും നിര്‍വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രോജക്ട് ഡോക്യുമെന്ററി പ്രകാശനം എ.പി.എ. മുഹമ്മദ് ഹനീഷ് നിര്‍വഹിച്ചു.