കൊച്ചി: വെല്‍ഫെയര്‍ പാര്‍ട്ടി ഭൂ സമരസമിതി ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ 11 കേന്ദ്രങ്ങളിലായി ചൊവ്വാഴ്ചയാണ് സമരം.
മൂന്നര ലക്ഷം വരുന്ന ഭൂരഹിതരില്‍ 12 ശതമാനം പേര്‍ക്കാണ് മൂന്ന് സെന്റ് ഭൂമിയുടെ പട്ടയം ലഭിച്ചിരിക്കുന്നത്. ഇവരില്‍ പകുതി പേര്‍ക്ക് പോലും ഭൂമി ലഭിച്ചിട്ടില്ല. എന്നാല്‍ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി സ്വദേശ, വിദേശ കമ്പനികള്‍ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്താല്‍ കേരളത്തിലെ മുഴുവന്‍ ഭൂരഹിതരുടേയും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
ജില്ലയില്‍ ആലുവയിലെ കോയേലി മലയിലാണ് ഭൂമി പിടിച്ചെടുത്ത് പ്രതീകാത്മകമായി കുടില്‍കെട്ടി സമരം നടത്തുക. ജില്ലയിലുള്ള 34,000 ഭൂരഹിതരില്‍ 5,000 പേര്‍ക്ക് മാത്രമാണ് പട്ടയമെങ്കിലും നല്‍കിയിട്ടുള്ളത്.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ മറൈന്‍ഡ്രൈവില്‍ നടത്തിയ ഭൂമിഗീതം പരിപാടിയില്‍ പിരിഞ്ഞുകിട്ടിയ മൂന്നര കോടി രൂപയില്‍ ഒരു രൂപ പോലും ഇതുവരെ ചെലവഴിച്ചിട്ടില്ല. സെന്റിന് 25,000 രൂപ നിരക്കില്‍ ഭൂമി വാങ്ങാനാണ് ശ്രമിക്കുന്നതെന്ന് കളക്ടര്‍ പറയുന്നു. എന്നാല്‍ എറണാകുളത്ത് ഈ നിരക്കില്‍ ഭൂമി ലഭിക്കില്ലെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്ര സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍, ഭാരവാഹികളായ പ്രേമ പിഷാരടി, ജ്യോതിവാസ് പറവൂര്‍ കെ. സദീഖ്, ഭൂ സമരസമിതി സെക്രട്ടറി എ.എം. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.