കൊച്ചി: വീട്ടിലെ പച്ചക്കറിക്കൃഷിയില്‍ നിന്ന് ജനങ്ങളെ അകറ്റുന്നത് വിളവിലെ കുറവാണെന്ന് കൃഷിയുദ്യോഗസ്ഥരും ശാസ്ത്രജ്ഞരും. മറുനാട്ടില്‍ നിന്നു കൊണ്ടുവരുന്ന പച്ചക്കറികളും പഴവുമൊക്കെ വിഷം തീണ്ടിയതാണെന്ന് അറിയാമെങ്കിലും അവ വാങ്ങാതെ നിവൃത്തിയില്ലെന്നാണ് വീട്ടമ്മമാരും മറ്റും പറയുന്നത്. ഇവിടെ ടെറസ്സിലോ പറമ്പിലോ കൃഷി ചെയ്യാമെന്നു വച്ചാല്‍ മുക്കാലും കീടങ്ങള്‍ കൊണ്ടുപോകും കിട്ടുന്നത് ഒരു നേരത്തേക്ക് തികഞ്ഞാല്‍ ഭാഗ്യം. അധ്വാനം മാത്രം ബാക്കി.
മണ്ണിലെ പോഷക മൂല്യങ്ങള്‍ കുറയുന്നതും കീടങ്ങളുടെ ആക്രമണവുമാണ് ചെടികളെ ബാധിക്കുന്നത്, അതിനാലാണ് വിളവ് കുറയുന്നത്. ഒന്നു മനസ്സുവച്ചാല്‍ ഈ അവസ്ഥ മാറ്റാവുന്നതേയുള്ളൂ. രോഗത്തേയും കീടങ്ങളേയും നിയന്ത്രിക്കാന്‍ സൂക്ഷ്മാണു മിശ്രിതങ്ങള്‍ ഉപയോഗിക്കാം. ട്രൈക്കോഡെര്‍മ, സ്യൂഡോമൊണാസ്, വെര്‍ട്ടിസിലിയം, ബിവേറിയ എന്നീ സൂക്ഷ്മാണു മിശ്രിതങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില്‍ തയ്യാറാക്കുന്ന ഗുണമേന്മയുള്ള ഉല്പന്നങ്ങളാണിവ.
പച്ചക്കറികളെ ബാധിക്കുന്ന മിക്ക കുമിള്‍ രോഗങ്ങളേയും ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിവുള്ള മിത്രക്കുമിളാണ് ട്രൈക്കോഡെര്‍മ. അവ പാക്കറ്റിനുള്ളിലെ പൊടിയില്‍ സുഷുപ്തിയില്‍ കഴിയുന്നു. പൊടി വെള്ളത്തില്‍ കലക്കിയാണ് പ്രയോഗിക്കേണ്ടത്.
സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളും എന്‍സൈമുകളും ഉല്പാദിപ്പിക്കുന്നതിനു പുറമെ, രോഗഹേതുക്കളായ ബാക്ടീരിയകളേയും കുമിളുകളേയും തുരത്താന്‍ കഴിവുള്ള സവിശേഷ ബാക്ടീരിയയാണ് സ്യൂഡോമൊണാസ്. കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാവുന്ന മിത്ര ഫംഗസ് ആണ് വെര്‍ട്ടിസിലിയം. ഇവ കീടങ്ങളുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി വളര്‍ന്ന് അവയെ നശിപ്പിക്കുന്നു.
ബിവേറിയയാകട്ടെ, വിളകളെ ബാധിക്കുന്ന കീടങ്ങളെ ആക്രമിച്ച് അവയില്‍ രോഗങ്ങളുണ്ടാക്കി നശിപ്പിക്കുന്ന കുമിളാണ്. ബിവേറിയ വിളകള്‍ക്കോ മനുഷ്യനോ ജന്തുജാലങ്ങള്‍ക്കോ ഉപദ്രവകാരികളുമല്ല. ഹൈക്കോടതി ജങ്ഷനടുത്ത് ഗോശ്രീ റോഡില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ വിപണന കേന്ദ്രത്തില്‍ നിന്ന് എല്ലാ പ്രവൃത്തി ദിനങ്ങളിലും 10 മുതല്‍ 4 വരെ ഇവ ലഭിക്കും.