കൊച്ചി: നാടന്‍ മത്സ്യങ്ങള്‍ മിക്കവയും കടുത്ത വംശനാശ ഭീഷണിയിലാണെന്നും ഇവയുടെ സംരക്ഷണത്തിന് കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടറായ ഡോ. കെ. വെങ്കട്ടരാമന്‍. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) സെന്റര്‍ ഫോര്‍ ടാക്‌സോണമി ഓഫ് അക്വാട്ടിക് അനിമല്‍സ് സംഘടിപ്പിക്കുന്ന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ ധാരാളമായി കാണപ്പെട്ടിരുന്ന തദ്ദേശീയ മത്സ്യസമ്പത്തില്‍ വന്‍ കുറവ് സംഭവിച്ചിട്ടുണ്ട്. കാലാവസ്ഥയിലെ മാറ്റവും മതിയായ സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതുമാണ് നാടന്‍ മത്സ്യങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം. വംശനാശ ഭീഷണി നേരിടുന്ന മീനുകളെ സംരക്ഷിക്കുന്നതിന് ജീവികളുടെ വര്‍ഗീകരണവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും അനിവാര്യമാണ്. മൊത്തം മത്സ്യസമ്പത്തിനെക്കുറിച്ചും ഇനം തിരിച്ചുള്ള പഠനങ്ങളും നടത്തിയാല്‍ മാത്രമേ ഇല്ലാതായിക്കൊണ്ടിരിക്കുന്ന മത്സ്യങ്ങളെ സംരക്ഷിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഈ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും ഡോ. വെങ്കട്ടരാമന്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. പത്മകുമാര്‍, ഡോ. വി.എന്‍. സഞ്ജീവന്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഡോ. കെ. രഞ്ജിത്ത്, ഡോ. രാജീവ് രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
പശ്ചിമ ഘട്ടത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ വര്‍ഗീകരണം, വംശനാശ ഭീഷണി നേരിടുന്ന തനത് മത്സ്യ ഇനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍, ജനകീയ പങ്കാളിത്തത്തോടെയുള്ള മത്സ്യവിഭവ സംരക്ഷണം, അക്വേറിയം മേഖലയില്‍ സജീവമായി ഉപയോഗിക്കപ്പെടുന്ന നാടന്‍ മത്സ്യങ്ങള്‍, വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥയ്ക്കനുസരിച്ചുള്ള മത്സ്യങ്ങളുടെ വിന്യാസം തുടങ്ങിയ വിഷയങ്ങളാണ് ശില്പശാലയില്‍ ചര്‍ച്ച ചെയ്യുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, അക്വേറിയം ഹോബിയിസ്റ്റുകള്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.


2


ഫോട്ടോ ക്യാപ്ഷന്‍:
കുഫോസില്‍ നടക്കുന്ന നാടന്‍ മത്സ്യങ്ങളെക്കുറിച്ചുള്ള ദേശീയ ശില്പശാല സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. കെ. വെങ്കട്ടരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ്, ഡോ. കെ. പത്മകുമാര്‍, ഡോ. വി.എന്‍. സഞ്ജീവന്‍, ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഡോ. കെ. രഞ്ജിത്ത് എന്നിവര്‍ സമീപം