കൊച്ചി: പശ്ചിമഘട്ടനിരകളില്‍ കാണപ്പെടുന്ന ശുദ്ധജല മത്സ്യയിനങ്ങളെക്കുറിച്ച് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) സെന്റര്‍ ഫോര്‍ ടാക്‌സോണമി ഓഫ് അക്വാട്ടിക് അനിമല്‍സ് സംഘടിപ്പിക്കുന്ന ഗവേഷക സംഗമം ചൊവ്വാഴ്ച തുടങ്ങും. രാവിലെ 9. 30ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍, പ്രമുഖ സമുദ്ര ശാസ്ത്രജ്ഞന്‍ ഡോ. കെ. വെങ്കട്ടരാമന്‍ ഉദ്ഘാടനം ചെയ്യും. വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിക്കും.
തദ്ദേശ മത്സ്യ ഇനങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ ചര്‍ച്ചകളില്‍ അവതരിപ്പിക്കും.
പശ്ചിമഘട്ടത്തിലെ ശുദ്ധജലമത്സ്യങ്ങളുടെ വര്‍ഗീകരണം, വംശനാശ ഭീഷണി നേരിടുന്ന തനത് മത്സ്യയിനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍, ജനകീയ പങ്കാളിത്തത്തോടെയുള്ള മത്സ്യവിഭവ സംരക്ഷണം, അക്വേറിയം മേഖലയില്‍ സജീവമായി ഉപയോഗിക്കപ്പെടുന്ന നാടന്‍ മത്സ്യങ്ങള്‍, വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള മത്സ്യങ്ങളുടെ വിന്യാസം തുടങ്ങിയ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, അക്വേറിയം ഹോബിയിസ്റ്റുകള്‍ എന്നിവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കും.