കൊച്ചി: തേവര വേണ്ടുരുത്തി കായലിലെ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി നാവികസേന കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡും വിവിധ സേനാവിഭാഗങ്ങളും ചേര്‍ന്ന് ശില്പശാല നടത്തി.
കേരള തീരദേശ സംരക്ഷണ മേധാവി ക്യാപ്റ്റന്‍ വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു.
സുരക്ഷയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് നിലവിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് അത്യാധുനിക സൗകര്യങ്ങളോടു കൂടി പുതുക്കി നല്‍കുമെന്ന് ക്യാപ്റ്റന്‍ വര്‍ഗീസ് മാത്യു ഉറപ്പു നല്‍കി.
അശാസ്ത്രീയമായ ഡ്രഡ്ജിങ് മൂലം വെണ്ടുരുത്തി കായല്‍ ചുരുങ്ങുന്നതിലും മത്സ്യസമ്പത്ത് നശിക്കുന്നതിലും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശങ്ക സഭാ സെക്രട്ടറി സുനില്‍ സി.എസ്. ഉന്നയിച്ചു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡും നാവികസേനയും കൊച്ചിന്‍ പോര്‍ട്ടും പോലുള്ള സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് പണം കണ്ടെത്തി കായലിന്റെ ആഴം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് ശില്പശാലയില്‍ പങ്കെടുത്ത കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സി.കെ. പീറ്റര്‍ ആവശ്യപ്പെട്ടു. സി.വി. ടോമി സ്വാഗതം പറഞ്ഞു. ലീഡിങ് സീമാന്‍ ശരത് ക്ലാസ്സെടുത്തു.