കൊച്ചി: ഏഷ്യന്‍ രാജ്യങ്ങളിലെ കൂട് മത്സ്യകൃഷിയെ കുറിച്ചുള്ള അഞ്ചാമത് രാജ്യാന്തര സമ്മേളനം 25 മുതല്‍ 28 വരെ കൊച്ചിയില്‍ നടക്കുമെന്ന് സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, സി.എം.എഫ്.ആര്‍.ഐ. എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പത്തിലധികം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍, സാങ്കേതിക വിദഗ്ദ്ധര്‍, സംരംഭകര്‍, കര്‍ഷകര്‍ ഉള്‍പ്പെടെ മുന്നൂറ് പ്രതിനിധികള്‍ നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. 25ന് രാവിലെ 9.30ന് ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ (ഹോട്ടല്‍ ഡ്രീംസ്) അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടറുമായ ഡോ. എസ്. അയ്യപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
അഞ്ച് വ്യത്യസ്ത പ്രമേയങ്ങളിലാണ് സമ്മേളനം. കൂട് മത്സ്യകൃഷി നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഭാവി സാധ്യതകളെ കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കും.