കൊച്ചി: ചേരാനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് ക്ലീന്‍ ചേരാനല്ലൂര്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'ചേരാം ചേരാനല്ലൂരിനൊപ്പം' പ്രചാരണത്തിന്റെ അവതരണവും ചര്‍ച്ചയും നടത്തി. ഹൈബി ഈഡന്‍ എം.എല്‍.എ. അദ്ധ്യക്ഷനായി. കാെമ്പയിന്‍ അവതരണ പരിപാടിയില്‍ ചേരാനല്ലൂരിലെ ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ജനപ്രതിനിധികള്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ സാമൂഹിക- സാമുദായിക സംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ രംഗത്തു നിന്നുള്ളവര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ചേരാം ചേരാനല്ലൂരിനൊപ്പം കാെമ്പയിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കാെമ്പയിനാണ് നടത്തുക. പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലുള്ള 6000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് ആദ്യ ഘട്ട കാെമ്പയിന്‍.

ഓരോ വാര്‍ഡുകളിലുമുള്ള മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടുപിടിച്ച് രേഖപ്പെടുത്തി പ്രശ്‌ന പരിഹാരത്തിനുള്ള മാപ്പിങ്ങും സര്‍വെയും നടത്തുക എന്നതും വീട് വീടാന്തരം നിലവിലുള്ള മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ച് പഠനം നടത്തുക എന്നതുമാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കാെമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. സെയ്ന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥിനികളാണ് കാെമ്പയിന്‍ നടത്തുന്നത്. ബുധനാഴ്ച ഈ കാെമ്പയിന്‍ ആരംഭിക്കും.

അടുത്ത ഒരു വര്‍ഷത്തിനകം സുസ്ഥിരമായ മാലിന്യ സംസ്‌കരണ രീതി നടപ്പിലാക്കുക എന്നതാണ് ചേരാം ചേരാനല്ലൂരിനൊപ്പം എന്ന പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു. മാലിന്യങ്ങള്‍ തരം തിരിച്ച് ജൈവമാലിന്യങ്ങള്‍ അവയുടെ സ്രോതസ്സില്‍ തന്നെ സംസ്‌കരണം നടത്തുകയും അജൈവ മാലിന്യങ്ങള്‍ സമാഹരിച്ച് റീസൈക്ലിങ് ചെയ്യുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പെലിക്കണ്‍ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ. യുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വൈസ് പ്രസിഡന്റ് സി.കെ രാജു, സെയ്ന്റ് തെരേസാസ് കോളേജ് ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. നിര്‍മല പത്മനാഭന്‍, പെലിക്കണ്‍ ഫൗണ്ടേഷന്‍ പ്രതിനിധി ഡോ. മനോജ്, പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീരേഖ, വ്യാപാരി വ്യവസായി പ്രതിനിധികളായ ഷുക്കൂര്‍, ആസാദ്, എഡ്രാക്ക് പ്രതിനിധി മനോജ്, കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ മെമ്പര്‍ രാമചന്ദ്രന്‍, കെ.എല്‍.സി.എ. പ്രതിനിധി ജോസഫ്, കുഡുംബി സേവാ സംഘം പ്രതിനിധി വി.കെ. ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.