കൊച്ചി: തീരത്തെ മണല്‍ത്തരിയോട് കളിച്ചിരുന്ന കുട്ടിക്കുറുമ്പുകള്‍ക്ക് മന്ത്രി കൊടുത്ത വാക്കാണ് ശനിയാഴ്ച യാഥാര്‍ത്ഥ്യമായത്. ആലപ്പുഴ മണ്ഡലത്തിലെ തീരദേശങ്ങളിലുള്ള ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ 'പ്രതിഭാതീരം'ത്തിലെ കുട്ടികളെ വേനലവധിക്ക് എറണാകുളം കാണിക്കാമെന്ന് മന്ത്രി തോമസ് ഐസക് വാക്ക് കൊടുത്തിരുന്നു. കടല്‍ത്തീരവും സ്‌കൂളും വീടും മാത്രമുള്ള ചെറുലോകത്തുനിന്ന് നഗരത്തിന്റെ തിരക്കുകളിലേക്ക് എത്തിയപ്പോള്‍ പലരുടെയും കണ്ണുകളില്‍ കൗതുകമായിരുന്നു.
 
താന്‍ കണ്ട കാഴ്ചകളെ അടുത്തിരിക്കുന്ന കൂട്ടുകാരനെ കാണിക്കാനുള്ള തിരക്കായിരുന്നു എല്ലാവര്‍ക്കും. ആലപ്പുഴയില്‍ നിന്ന് രാവിലെ ഏഴിന് മൂന്നു ബസുകളിലായി തിരിച്ച കുട്ടികള്‍ കൊച്ചിയിലെത്തി പ്രഭാതഭക്ഷണത്തിനു ശേഷം കൊച്ചി മെട്രോയില്‍ ആലുവയിലേക്ക് യാത്ര ചെയ്തു. അവിടെ നിന്ന് മെട്രോ ട്രെയിനില്‍ പത്തടിപ്പാലത്തിറങ്ങിയശേഷം പനങ്ങാട് ഫിഷറീസ് സര്‍വകലാശാലയിലേക്ക് പോയി. ഫിഷറീസ് മ്യൂസിയം സന്ദര്‍ശിച്ച കുട്ടികള്‍ക്കായി സര്‍വകലാശാലയില്‍ പഠനക്ലാസുമൊരുക്കിയിരുന്നു.
 
മെട്രോ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഫിഷറീസ് മ്യൂസിയം വരെ മന്ത്രി തോമസ് ഐസക്കുമുണ്ടായിരുന്നു. തൃപ്പൂണിത്തുറ ഹില്‍പ്പാലസ് കൂടി സന്ദര്‍ശിച്ചശേഷം യാത്രാസംഘം ആലപ്പുഴയിലേക്ക് മടങ്ങി. കുട്ടികള്‍ക്ക് കൂട്ടായി 'പ്രതിഭാതീരം' പ്രസിഡന്റ് പി. ജയരാജന്‍, സെക്രട്ടറി ജി. സിക്സ്റ്റസ്, അധ്യാപകനും നാടന്‍പാട്ടുകാരനുമായ പ്രൊഫ. പുന്നപ്ര ജ്യോതികുമാര്‍, ഡോ. യു. സുരേഷ്‌കുമാര്‍, 'പ്രതിഭാതീരം' പദ്ധതിയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരുമുണ്ടായിരുന്നു

തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച കൂട്ടായ്മയാണ് 'പ്രതിഭാതീരം'. കൊച്ചി കപ്പല്‍ശാലയുടെ സി.എസ്.ആര്‍. ഫണ്ടില്‍ നിന്ന് ലഭിച്ച 75 ലക്ഷം രൂപയുടെ മൂലധനവുമായാണ് പദ്ധതിയാരംഭിച്ചത്. 'നന്നായി പഠിക്കുവാന്‍, നല്ലവരാകുവാന്‍' എന്നതാണ് പ്രതിഭാതീരത്തിന്റെ മുദ്രാവാക്യം. സമീപപ്രദേശത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ, വായനശാലകള്‍ കേന്ദ്രീകരിച്ച് റിസോഴ്‌സ് പേഴ്‌സണ്‍മാരാക്കി മാറ്റിയാണ് കുട്ടികളുടെ പഠന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങള്‍ എന്നിവയൊരുക്കി കുരുന്നുകളെ പ്രതിഫലമില്ലാതെ സഹായിക്കുകയാണിവര്‍. കുട്ടികളും നാല്‍പ്പതോളം റിസോഴ്‌സ് പ്രവര്‍ത്തകരുള്‍പ്പെടെ മുന്നൂറോളം പേരുണ്ട് 'പ്രതിഭാതീരം' കൂട്ടായ്മയില്‍.

കഴിഞ്ഞ വര്‍ഷമാണ് കൂട്ടായ്മയ്ക്ക് തുടക്കമായത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് പദ്ധതിയൊരുക്കിയത്. 'ഈ കുട്ടികളെ നിങ്ങള്‍ ഞങ്ങള്‍ക്ക് തരിക. പത്തിലെത്തുമ്പോഴേയ്ക്ക് ഇവരെ മിടുക്കരാക്കിത്തരാം' എന്നായിരുന്നു പദ്ധതി തുടങ്ങുമ്പോള്‍ തോമസ് ഐസക് രക്ഷിതാക്കളോട് പറഞ്ഞത്. ഇവരിപ്പോള്‍ എട്ടാം ക്ലാസിലെത്തി. ഇപ്പോള്‍ 'പ്രതിഭാതീര'ത്തിലേക്ക് രണ്ടാമത്തെ ബാച്ച് ഏഴാം ക്ലാസുകാര്‍ കൂടിയെത്തിയതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍.