കൊച്ചി: കലൂര്‍ കല്‍വര്‍ട്ട് നിര്‍മാണം വൈകുന്നത് മൂലം ഇക്കുറിയും നഗരം വെള്ളത്തിലാകാനുള്ള സാധ്യതയേറി. നഗരത്തിലെ മഴവെള്ളം പ്രധാനമായും ഒഴുകിപ്പോകുന്നത് തേവര-പേരണ്ടൂര്‍ കനാലിലൂടെയാണ്. കലൂരില്‍ കല്‍വര്‍ട്ടിന്റെ അടിഭാഗത്ത് പൈപ്പുലൈനുകള്‍ കുറുകെ പോകുന്നിടത്ത് ചെളിയടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട് കിടക്കുകയാണ്.

കല്‍വര്‍ട്ടിന്റെ ഒരുഭാഗം മാത്രമാണ് ഉയര്‍ത്തിപ്പണിതിട്ടുള്ളത്. ഗോകുലം പാര്‍ക്കിന് സമീപത്തുള്ള പാലത്തിന്റെ ഭാഗം ഉയര്‍ത്തി നിര്‍മിക്കാതെ പൊതുമാരാമത്ത് വകുപ്പ് മെല്ലെപ്പോകുകയാണ്. പാലത്തിനടിയിലൂടെ പൈപ്പുകള്‍ പോകുന്നതുകൊണ്ടാണ് നിര്‍മാണം വൈകുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

താഴെയുള്ള പൈപ്പുകളെല്ലാം മാറ്റിക്കഴിഞ്ഞുവെന്നും ഇനി പഴയപാലം പൊളിക്കാമെന്നും ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്്. എന്നാല്‍ പഴയ പാലം പൊളിക്കുന്നത് വൈകുകയാണ്. പാലം പൊളിച്ചുനീക്കിയാല്‍ ചെളിനീക്കി നീരൊഴുക്ക് വേഗത്തിലാക്കാന്‍ സാധിക്കും. എന്നാല്‍, കത്ത് കിട്ടിയിട്ടും പൊതുമരാമത്ത് വകുപ്പ് അനങ്ങുന്നില്ലെന്ന് കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് എ.ഇ. ഓഫീസ് വഴി കരാറുകാരനോട് പാലം പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, പണി ഇതുവരെ തുടങ്ങിയിട്ടില്ല. പാലത്തിലൂടെ പോകുന്ന കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍, ലൈനുകളെല്ലാം ഏതാണ്ട് നീക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, കുടിവെള്ള പൈപ്പ് മാറ്റിയിട്ടില്ല. വെള്ളം തിരിച്ചുവിടാനുള്ള സംവിധാനം ആയിക്കഴിഞ്ഞിട്ടുണ്ട് പാലം പണി തീര്‍ന്ന ശേഷം തൂണ് സ്ഥാപിച്ച് പൈപ്പ് ഉയര്‍ത്തി സ്ഥാപിക്കേണ്ടിവരും.

വേനല്‍ മഴ പെയ്തപ്പോള്‍ തന്നെ പേരണ്ടൂര്‍ തോടിനടുത്തുള്ള കലൂര്‍ ജേണലിസ്റ്റ് കോളനി , എല്‍.ഐ.ജി. കോളനി, ജഡ്ജസ് അവന്യൂ തുടങ്ങിയ ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടായി. കനത്ത മഴ വന്നാല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ദുരിതമാകും. പേരണ്ടൂര്‍ കനാലിലെ തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് ഏകമാര്‍ഗം.

സര്‍ക്കാര്‍ വകുപ്പുകള്‍ പരസ്​പരം കുറ്റപ്പെടുത്തുന്നതിനുപകരം ഒന്നിച്ചു പ്രവര്‍ത്തിച്ച് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ജനങ്ങള്‍ ഇറങ്ങി കല്‍വര്‍ട്ട് പൊളിക്കേണ്ടിവരും

കല്‍വര്‍ട്ട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജനങ്ങള്‍ ഇറങ്ങി പൊളിച്ചുമാറ്റേണ്ടിവരും. കലൂര്‍ നിവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന വെള്ളക്കെട്ടിന് പരിഹാരമായി, നിരന്തരമായ പരാതികളുടേയും പ്രക്ഷോഭങ്ങളുടേയും ഫലമായാണ് കല്‍വര്‍ട്ട് ഉയര്‍ത്തിനിര്‍മിക്കാന്‍ തീരുമാനിച്ചത്. റോഡിന്റെ അതേ ഉയരത്തിലായിരുന്നു ആദ്യം പാലം നിര്‍മിക്കാന്‍ തുടങ്ങിയത്. ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് പാലം ഉയര്‍ത്താന്‍ തീരുമാനിച്ചത്. മന്ത്രി ജി. സുധാകരന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കല്‍വര്‍ട്ട് ഉയര്‍ത്താന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. രണ്ടുവര്‍ഷമായിട്ടും പണി എങ്ങുമെത്താത്ത സ്ഥിതിയിലാണ്. വകുപ്പുകള്‍ തമ്മില്‍ പഴിചാരി നിര്‍മാണം ഇനിയും വൈകിയാല്‍ ശക്തമായ ജനകീയ സമരം നടത്തും- കെ.കെ. ജോസഫ് സി.പി.എം. കലൂര്‍ ലോക്കല്‍ സെക്രട്ടറി