കൊച്ചി: കടലില്‍ മത്സ്യലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സമുദ്ര കൂടുകൃഷിയിലൂടെ മത്സ്യോത്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.).

കടലിലെ കൂടുമത്സ്യകൃഷി സാങ്കേതിക വിദ്യകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ആദ്യഘട്ട പരിശീലന പരിപാടി സി.എം.എഫ്.ആര്‍.ഐയില്‍ ആരംഭിച്ചു.

രാജ്യത്ത് 5,000 മത്സ്യത്തൊഴിലാളികളെയാണ് സി.എം.എഫ്.ആര്‍.ഐ. പരിശീലിപ്പിക്കുന്നത്. കേരളത്തില്‍ 1,000 പേര്‍ക്കാണ് പരിശീലനം.

ആദ്യഘട്ട പരിശീലന പരിപാടി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു.

സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സാധാരണ മത്സ്യകൃഷിയേക്കാള്‍ 70 മടങ്ങ് ഉത്പാദനക്ഷമതയുള്ളതാണ് കൂടുമത്സ്യകൃഷിയെന്ന് അദ്ദേഹം പറഞ്ഞു.

മാരികള്‍ച്ചര്‍ വിഭാഗം മേധാവി ഡോ. ഇമല്‍ഡ ജോസഫ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ബോബി ഇഗ്നേഷ്യസ് എന്നിവര്‍ സംസാരിച്ചു.

എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തിരഞ്ഞെടുക്കപ്പെട്ട 50 മത്സ്യത്തൊഴിലാളികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.