കൊച്ചി: കാത്തിരുന്ന കൗതുകത്തിന്റെ മാന്ത്രികപ്പെട്ടി തുറക്കാന്‍ ഈ നാല് താക്കോലുകള്‍, നിങ്ങളുടെ വിശ്വസ്തരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുകയാണ്. കൗതുകങ്ങളും ഞെട്ടിപ്പിക്കലും പ്രതീക്ഷിച്ച വിദ്യാര്‍ഥികള്‍ അല്പം അമ്പരപ്പോടെയെങ്കിലും ഗോപിനാഥ് മുതുകാടിന്റെ വാക്കുകളെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

വേദിയില്‍നിന്നുകൊണ്ട് ഗോപിനാഥ് മുതുകാട് നാല് താക്കോലുകള്‍ സദസ്സിന്റെ മുന്നില്‍ തന്നെയിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എറിഞ്ഞുകൊടുത്തു. എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അനന്തലാല്‍, അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി, സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, എറണാകുളം റേഞ്ച് ഐ.ജി. പി. വിജയന്‍ എന്നിവര്‍ ക്രിക്കറ്റില്‍ വിക്കറ്റെടുക്കുന്ന ലാഘവത്തോടെ താക്കോലുകള്‍ പിടിച്ചെടുത്ത് തങ്ങളുടെ പോക്കറ്റിലാക്കി. തുടര്‍ന്ന് മുഖ്യാതിഥികളിലൊരാളെ വേദിയിലേക്ക് ക്ഷണിച്ച് അദ്ദേഹത്തിന്റെ ഫോണില്‍ കുട്ടികളുടെ ഫോട്ടോയെടുക്കുകയും തുടര്‍ന്ന് ആ ഫോണ്‍ പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു. ശേഷം പോലീസ് ഉദ്യോഗസ്ഥരുടെ ൈകയിലുള്ള താക്കോലുകള്‍ കൊണ്ട് വേദിയിലുണ്ടായിരുന്ന ഒരു പെട്ടിയില്‍നിന്ന് ഫോണ്‍ പൂര്‍വസ്ഥിതിയില്‍ തിരിച്ചെടുത്തു. എന്നാല്‍ ഫോണില്‍ നശിപ്പിക്കപ്പെടാതെ ഫോട്ടോ ഉണ്ടായിരുന്നു.

എത്രമാത്രം നശിപ്പിക്കപ്പെട്ടാലും ഫോട്ടോകള്‍ തിരികെയെടുക്കാനാകും. ഇവ വീണ്ടെടുക്കാനും നശിപ്പിക്കാനും നിങ്ങളെ സുരക്ഷിതരാക്കാനുമുള്ള താക്കോലുകള്‍ പോലീസുകാരുടെ ൈകയില്‍ ഭദ്രമാണെന്നതിന്റെ തെളിവാണ് ഇ-ല്യൂഷനെന്ന് മജീഷ്യന്‍ പറഞ്ഞു.

കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സൈബര്‍ സുരക്ഷ ബോധവത്കരണ പരിപാടിയായ കിഡ്‌സ് ഗ്ലൗ പദ്ധതിയുടെ ഭാഗമായാണ് മാജിക് ഷോ അവതരിപ്പിച്ചത്. പ്രകടനത്തിനു ശേഷം സൈബര്‍ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഗോപിനാഥ് മുതുകാട് വിദ്യാര്‍ഥികള്‍ക്കിടയില്‍ ക്ലാസ് നടത്തി. ക്ലാസിനു ശേഷം നടന്ന സംവാദത്തില്‍ നവമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളും മാജിക് സംബന്ധമായ ചോദ്യങ്ങളും ഉയര്‍ന്നു.

എന്തിന് എപ്പോഴും പെണ്‍കുട്ടികളോട് മാത്രം നവമാധ്യമങ്ങളില്‍ ഫോട്ടോ ഇടരുത് എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സമൂഹം ആവശ്യപ്പെടുന്നു, അവള്‍ക്കുമില്ലേ മറ്റുള്ളവരെപ്പോലെ അവകാശങ്ങളും സ്വാതന്ത്ര്യവുമെന്ന ചോദ്യം സദസ്സില്‍ നിറഞ്ഞ കൈയടി നേടി.

ഒരിക്കലും പെണ്‍കുട്ടികളോട് നവമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് പറയുന്നില്ല. ചുറ്റിലുമുള്ള ചതിക്കുഴികളെക്കുറിച്ച് ബോധവാന്മാരാകണമെന്ന് മാത്രമാണ് ഉപദേശിക്കുന്നതെന്ന് ഗോപിനാഥ് മുതുകാടും അസിസ്റ്റന്റ് കമ്മിഷണറും നിര്‍ദേശം നല്‍കി. കോേളജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനിത, പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റ്യന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.