കൊച്ചി: മത്സ്യഫെഡിന്റെ ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് കൊച്ചിയിലും വൈകാതെ എത്തും. പിടിക്കുന്ന മീന്‍ അന്നുതന്നെ ആവശ്യക്കാരിലെത്തിക്കുന്ന യത്‌നമാണിത്. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴിയാണ് മീന്‍ ശേഖരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ മീന്‍പിടിത്തക്കാരില്‍നിന്ന് ഇവ ശേഖരിക്കാനാകും. വൈകാതെ തന്നെ വാഹനങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളില്‍ എത്തിക്കും. മീന്‍ കരയ്‌ക്കെത്തിച്ചു കഴിഞ്ഞാല്‍ മൂന്നുനാലു മണിക്കൂര്‍ കൊണ്ടുതന്നെ ആവശ്യക്കാര്‍ക്ക് വാങ്ങാനാവും.

ഒട്ടും കേടാകാതെ, പുതുമ നഷ്ടപ്പെടാതെ മീന്‍ ലഭിക്കുമെന്നതിനാല്‍ തിരുവനന്തപുരത്ത് ഈ യത്‌നത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്ന് മത്സ്യഫെഡ് എം.ഡി. ഡോ. ലോറന്‍സ് ഹാരോള്‍ഡ് പറഞ്ഞു.

കൊച്ചി ഉള്‍പ്പെടെ മറ്റു നഗരങ്ങളിലും ഇതു പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്.

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ എന്നൊക്കെ പറയുന്നതുപോലെ മീന്‍ ഉപയോഗിക്കുന്നവരെയാണ് 'ഫിഷറ്റേറിയന്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മീനിന്റെ ഉപയോഗം കൂട്ടുകയാണ് ലക്ഷ്യം. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി, കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് മീനിനു ന്യായവില ഉറപ്പിക്കാനും പുതിയ സംരംഭത്തിലൂടെ സാധിക്കും.