കൊച്ചി: സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും വളരുന്ന നാടന്‍ മത്സ്യ ഇനങ്ങളെ വംശനാശത്തില്‍നിന്ന് രക്ഷിക്കാനുള്ള സമഗ്ര പരിപാടിക്ക് തുടക്കമായി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയും (കുഫോസ്) ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ ലഖ്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴ്‌സസും (എന്‍.ബി.എഫ്.ജി.ആര്‍.) സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ചുള്ള ധാരാണാപത്രം കുഫോസ് രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജും എന്‍.ബി.എഫ്.ജി.ആര്‍. ഡയറക്ടര്‍ ഡോ. കുല്‍ദീപ് കുമാര്‍ ലാലും തമ്മില്‍ ഒപ്പുവച്ചു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.

ധാരണാപത്രമനുസരിച്ച് കുഫോസിന്റെ പനങ്ങാട്ടുള്ള ജലാശയങ്ങളില്‍ കേരളത്തിലെ നാടന്‍ മത്സ്യ ഇനങ്ങളുടെ ജേംപ്ലാസം സംരക്ഷിക്കും. ജേംപ്ലാസം രൂപവത്കരിക്കുന്നതിനായി കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ വിവിധയിനം നാടന്‍ മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കും. എന്‍.ബി.എഫ്.ജി.ആറിന്റെ സഹകരണത്തോടെ നാടന്‍ മത്സ്യങ്ങളുടെ ജേംപ്ലാസം ശേഖരണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തിലെ നാടന്‍ മത്സ്യങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള പരീക്ഷണ പദ്ധതികള്‍ കുഫോസില്‍ തുടങ്ങും.

കെ.വി. തോമസ് എം.പി., എം. സ്വരാജ് എം.എല്‍.എ., കുമ്പളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്, പള്ളുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരന്‍, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.